കാഞ്ഞിരപ്പുഴ അണക്കെട്ടിൽ ജീപ്പിൽ അഭ്യാസപ്രകടനം; അഞ്ചുപേർ അറസ്റ്റിൽ

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വെള്ളത്തിലൂടെ ജീപ്പിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ മണ്ണാർക്കാട് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ അനസ് (26), മിഥുൻ കൃഷ്ണ (26), നിഖിൽ (26), മുഹമ്മദ് ജംഷാദ് (26), വി.എൻ. പ്രവീൺ (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി ഇനി പിടികൂടാനുണ്ടെന്ന്‌ പോലീസ് അറിയിച്ചു.

ജലസേചനവകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മണ്ണാർക്കാട് പോലീസ് നടപടി സ്വീകരിച്ചത്. അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്നും ഇയാളാണ് വാഹനമോടിച്ചതെന്നും പോലീസ് വ്യക്തമാക്കി. അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച ജീപ്പ് ഇരുമ്പകച്ചോല ഭാഗത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ മറ്റ് തുടർനടപടിക്രമങ്ങളും സ്വീകരിച്ചുവരികയാണ്.

വ്യാഴാഴ്ച രാവിലെയാണ് ജലസേചനവകുപ്പ് അധികൃതർ മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. അണക്കെട്ടിന്റെ നിരോധിതമേഖലയിലേക്ക് അതിക്രമിച്ചുകയറിയെന്നും, കുടിവെള്ളസ്രോതസ്സുകൂടിയായ അണക്കെട്ടിലെ ജലം മലിനപ്പെടുത്തിയെന്നുമാണ് പരാതിയിലുള്ളത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നിരോധിതമേഖലയിലേക്ക് അതിക്രമിച്ചുകയറൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

കണ്ടാലറിയാവുന്ന ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും ഇവർ പ്രദേശവാസികളായ യുവാക്കളാണെന്ന സൂചന ലഭിച്ചിരുന്നതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സി.ഐ. എസ്. അഷ്‌റഫ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *