കൊച്ചി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കും നിർമാണ കരാർ കമ്പനിക്കുമെതിരെ ഗുരുതര വിമർശനങ്ങളുമായി ഹൈക്കോടതിയിൽ അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചു. അശ്രദ്ധ മൂലമുള്ള മരണമെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് നിയമപരമായ വീഴ്ച സംഭവിച്ചെന്നും, ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി അനുമതിയുള്ള പദ്ധതിയെന്ന കാരണത്താൽ വിഷയത്തിൽ ഇടപെടാതെ ഫയൽ മടക്കിയതും റിപ്പോർട്ട് വിമർശിക്കുന്നു. ദുരന്തസാധ്യതയുള്ള നിർമാണ പ്രവർത്തനങ്ങൾ പരിശോധിക്കാൻ അതോറിറ്റിക്ക് നിയമപരമായ അധികാരമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കള്ളാടി പാലത്തിന് സമീപം മണ്ണ് കൂമ്പാരമായി നിക്ഷേപിച്ചത് അപകടകരമാണെന്ന് ദുരന്തനിവാരണ വിഭാഗം അഞ്ച് തവണ മുന്നറിയിപ്പ് നൽകിയിട്ടും കരാർ കമ്പനി അത് അവഗണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കരാറുകാരായ ദിലീപ് ബിൽഡ്‌കോണിന് മുൻപും നിർമാണവുമായി ബന്ധപ്പെട്ട വീഴ്ചകൾ ഉണ്ടായിരുന്നുവെന്നും, ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയിൽ കമ്പനി നിർമിച്ച ഫ്ലൈഓവർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചതായും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പരിസ്ഥിതിലോല പ്രദേശങ്ങളിലെ പദ്ധതികൾക്ക് കരാർ നൽകുന്നതിന് മുമ്പ് കമ്പനിയുടെ മുൻകാല പ്രവർത്തനങ്ങൾ കർശനമായി പരിശോധിക്കേണ്ടതായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കള്ളാടിയിലെ തുരങ്ക നിർമാണം സ്വതന്ത്ര സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ നിർത്തിവയ്ക്കണമെന്നും അമിക്കസ് ക്യൂറി ശുപാർശ ചെയ്തിട്ടുണ്ട്.
റിപ്പോർട്ട് നിലവിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ്. റിപ്പോർട്ട് പരിശോധിച്ചശേഷം വിഷയത്തിൽ കോടതി അടുത്ത വെള്ളിയാഴ്ച തുടർനിലപാട് അറിയിക്കുമെന്നാണ് വിവരം.

