കരിമ്പുഴ: കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ജൽ ജീവൻ മിഷൻ വഴി നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതി പൂർത്തീകരണത്തിലേക്ക് എത്തിനിൽക്കുകയാണ്. 19.50 കോടി രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ ഈ ബൃഹത്തായ പദ്ധതിയിലൂടെ പഞ്ചായത്തിലെ മുപ്പതിനായിരത്തിലധികം വരുന്ന ജനങ്ങൾക്കാണ് തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാകുക.
പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 1,753 ഗാർഹിക കുടിവെള്ള കണക്ഷനുകളാണ് പദ്ധതിയുടെ ഭാഗമായി നൽകിയിരിക്കുന്നത്. ജലവിതരണം തടസ്സമില്ലാതെ നടത്തുന്നതിനായി 120 എച്ച്.പി റോ വാട്ടർ പമ്പ് സെറ്റുകളും, ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിനായി 40 എച്ച്.പി ക്ലിയർ വാട്ടർ പമ്പ് സെറ്റുകളും സജ്ജമാക്കിയിട്ടുണ്ട്.
വൈദ്യുതി തടസ്സം മൂലം കുടിവെള്ള വിതരണം മുടങ്ങാതിരിക്കാൻ 250 കെ.വി.എ ട്രാൻസ്ഫോർമറും പദ്ധതി പ്രദേശത്ത് പ്രത്യേകമായി സ്ഥാപിച്ചു. കരിയോട് മലയിൽ നിർമിച്ച 3.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കൂറ്റൻ വാട്ടർ ടാങ്കും പ്രവർത്തനസജ്ജമായിക്കഴിഞ്ഞു. പഞ്ചായത്തിന്റെ വിവിധ കോണുകളിലേക്ക് കുടിവെള്ളമെത്തിക്കാനായി 74 കിലോമീറ്ററോളം നീളത്തിലാണ് വിതരണ ശൃംഖല പൂർത്തിയാക്കിയിരിക്കുന്നത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ കരിമ്പുഴയുടെ പതിറ്റാണ്ടുകൾ നീണ്ട കുടിവെള്ള ദുരിതത്തിനാണ് അറുതിയാകുന്നതെന്ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി അറിയിച്ചു.

