ഹാല്‍ സിനിമ സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടുകള്‍ ശരിവച്ച് ഹൈക്കോടതി, എന്നാല്‍ മറ്റുകാര്യങ്ങളില്‍ ബോര്‍ഡിനു തിരിച്ചടി

കൊച്ചി: ഹാല്‍ എന്ന സിനിയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതിയുടെ തട്ടും തലോടലും. സെന്‍സര്‍ ബോര്‍ഡിന്റെ നിലപാടുകളെ അപ്പാടെ തള്ളിക്കളഞ്ഞ് നിരീക്ഷണങ്ങള്‍ നടത്തിയ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച തിരുത്തലുകളില്‍ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. ബോര്‍ഡിന്റെ അനാവശ്യ ഇടപെടലുകളെ തുടര്‍ന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ കേസുമായി ഹൈക്കോടതിയിലെത്തിയത്. ഇതില്‍ തീര്‍പ്പു കല്‍പിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നേരിട്ട് പ്രത്യേകം നിശ്ചയിച്ച സമയത്ത് തീയറ്ററില്‍ സിനിമ കണ്ടിരുന്നു.

ധ്വജ പ്രണാമം, ആഭ്യന്തര ശത്രുക്കള്‍, ഗണപതിവട്ടം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത് ഹൈക്കോടതിയും ശരിവച്ചു. ഈ വാക്കുകളും അതോടൊപ്പം ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതി സിനിമയുടെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. രാഖിയുടെ ദൃശ്യം മായ്ക്കണമെന്ന നിര്‍ദേശവും ശരിവച്ചിട്ടുണ്ട്.

എന്നാല്‍ സിനിയുടെ പ്രമേയം ഭരണഘടനാപരമായ മൂല്യങ്ങളുമായി ചേര്‍ന്നു പോകുന്നതു തന്നെയാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇത് ഭരണഘടനയുടെ മൂല്യങ്ങളോടു ചേര്‍ന്നു പോകുന്ന ചിത്രമല്ലെന്നായിരുന്നു ബോര്‍ഡിന്റെ നിഗമനം. പരസ്പര വിശ്വാസങ്ങളെ സിനിമ തെറ്റായി ചിത്രീകരിക്കുന്നില്ല. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്‌കരിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അതിനെ ലൗ ജിഹാദെന്നു വിളിക്കാനുമാവില്ല. അതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് കൊടുക്കണമെന്നു പറയുന്നതില്‍ കഴമ്പില്ല. കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *