ഓപ്പറേഷൻ തൂഫാൻ: ലഹരി മാഫിയയുടെ വേരറുത്ത് കേരള പോലീസ്, ഒരു മാസം കൊണ്ട് പിടിച്ചെടുത്തത് 30 കോടിയുടെ ലഹരി വസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വളരുന്ന ലഹരി മാഫിയയുടെ വേരറുക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ പദ്ധതി ഒരു മാസം പിന്നിടുമ്പോൾ സമാനതകളില്ലാത്ത നേട്ടങ്ങൾ. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനകളിൽ 30 കോടി രൂപയുടെ നിരോധിത ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ 5,353 കേസുകൾ രജിസ്റ്റർ ചെയ്യുകയും 5,736 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പിടിച്ചെടുത്ത മാരക ലഹരി വസ്തുക്കളുടെ കണക്കുകൾ ഇങ്ങനെയാണ്: 3706.743 ഗ്രാം എം.ഡി.എം.എ, 392.100 കിലോ ഗ്രാം കഞ്ചാവ്, 3776.039 ഗ്രാം ഹാഷിഷ് ഓയിൽ, 657.219 ഗ്രാം ബ്രൗൺ ഷുഗർ, 428 കഞ്ചാവ് ചെടികൾ, 11 എൽഎസ്ഡി സ്റ്റാമ്പുകൾ എന്നിവയും ഹെറോയിൻ, മെത്താഫെറ്റാമിൻ, ഓപ്പിയം, നൈട്രോസെപാം, ചരസ്സ്, കഞ്ചാവ് ബീഡികൾ എന്നിവയും ഉൾപ്പെടുന്നു.

ജൂൺ 24-ന് എറണാകുളത്ത് നിന്ന് പിടികൂടിയ 18 കോടി രൂപ വിലമതിക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് വേട്ട, പത്തനംതിട്ട പോലീസ് ഡൽഹിയിൽ നിന്നും കർണാടകയിൽ നിന്നും നൈജീരിയൻ സ്വദേശികളായ അന്താരാഷ്ട്ര ലഹരി വിതരണക്കാരെ അറസ്റ്റ് ചെയ്തത്, മലപ്പുറത്തെ 26 ലക്ഷം രൂപയുടെ എംഡിഎംഎ വേട്ട, കാസർകോട്ടെ 15,000 പാക്കറ്റ് ലഹരി വസ്തുക്കൾ പിടിച്ചെടുത്ത സംഭവം എന്നിവ പദ്ധതിയുടെ പ്രധാന നേട്ടങ്ങളാണ്. ജൂൺ 27-ന് നടന്ന ‘തൂഫാൻ സ്ട്രൈക്ക്’ എന്ന പ്രത്യേക ഡ്രൈവിലൂടെ മാത്രം 799 കേസുകൾ രജിസ്റ്റർ ചെയ്യുകയും 806 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ലഹരിയുടെ ഉറവിടം കണ്ടെത്താനായി ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിൽ കേന്ദ്ര ഏജൻസികളുടെ യോഗം ചേർന്നിരുന്നു. ഇതിന്റെ ഫലമായി ‘ടി-ഇന്റ്’ എന്ന പ്രത്യേക യൂണിറ്റ് രൂപീകരിക്കാനും ഡ്രോൺ, സൈബർ നിരീക്ഷണങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. സ്കൂൾ-കോളേജ് പരിസരങ്ങളിൽ നിരീക്ഷണം ശക്തമാക്കിയതോടെ ലഹരി വില്പനയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

നിയമനടപടികൾക്കൊപ്പം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇതിനോടകം 6,005 ബോധവൽക്കരണ ക്ലാസുകളും 279 കൗൺസിലിങ്ങുകളും പോലീസ് നടത്തി. 15 പേരെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ അയ്യായിരത്തിഒരുന്നൂറിലധികം പരിപാടികൾ സംഘടിപ്പിച്ചു. അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിൽ ഇരുപത് ലക്ഷത്തോളം പേർ പങ്കെടുത്ത പ്രതിജ്ഞയും റാലികളും ശ്രദ്ധേയമായി.

ജൂൺ രണ്ടിന് തിരുവനന്തപുരം കോട്ടൺഹിൽ ഹയർസെക്കണ്ടറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്ത പദ്ധതി ചുരുങ്ങിയ നാളുകൾകൊണ്ട് ജനകീയ പ്രതിരോധമായി മാറി. മോഹൻലാൽ ഉൾപ്പെടെയുള്ള കലാകാരന്മാരും മത-സാമൂഹിക-സാംസ്കാരിക നേതാക്കളും പദ്ധതിക്ക് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചും ബോധവൽക്കരണം നടത്താൻ മതനേതാക്കൾ സമ്മതിച്ചിട്ടുണ്ട്. ഈ ‘കൊടുങ്കാറ്റ്’ വരും മാസങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡാ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *