കൊച്ചി: ഇക്കൊല്ലത്തെ ടൂറിസം സീസണ്‍ ആരംഭിച്ചപ്പോഴേ കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്കിന്റെ ലക്ഷണങ്ങള്‍ പ്രകടം. ഇപ്പോഴത്തെ ബുക്കിങ്ങുകളുടെ നിരക്കില്‍ സഞ്ചാരികള്‍ എത്തുക കൂടി ചെയ്താല്‍ അതു സര്‍വകാല റെക്കോഡായിരിക്കുമെന്ന പ്രതീക്ഷയിലാണ് ടൂറിസം സംരംഭകര്‍. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധന തന്നെയാണുള്ളത്.
ഇക്കൊല്ലം ജൂണ്‍ വരെയുള്ള ആറുമാസത്തില്‍ വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 6.87 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷമുള്ള കണക്ക് കേരള ടൂറിസം ശേഖരിച്ചു വരുന്നതേയുള്ളൂ. യഥാര്‍ഥത്തില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്നത് ജൂണിനു ശേഷമാണ്. ജൂണ്‍ വരെയുള്ള ആറുമാസ കാലത്ത് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 10.43 ശതമാനം വര്‍ധനയും രേഖപ്പെടുത്തിയിട്ടുണ്ട്. ദീപാവലി ഉത്സവകാലത്താണ് കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും വര്‍ധനയുണ്ടാകുന്നത്. അതിന്റെ കണക്കുകള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ.
ആഡംബര ക്രൂയിസുകള്‍ കേരളത്തിലെത്തുന്നതും ടൂറിസത്തിന്റെ വളര്‍ച്ചയെയാണ് കാണിക്കുന്നത്. ഇതുവരെ ലഭ്യമായ കണക്കുകളനുസരിച്ച് നാല്‍പത് ആഡംബര ക്രൂയിസുകള്‍ കേരള തീരത്ത് ഇക്കൊല്ലം എത്തുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ മുപ്പതു കപ്പലുകള്‍ ഇതിനകം ട്രിപ്പ് ചാര്‍ട്ടര്‍ ചെയ്തു കഴിഞ്ഞു. ഇതില്‍ ആദ്യ ആഡംബര ക്രൂയിസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു.

