കൊച്ചി: സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ “കുംഭമേള വൈറൽ” താരമായ പെൺകുട്ടി കോടതിയിൽ പ്രായം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ ഹാജരാക്കി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ പെൺകുട്ടി രഹസ്യമൊഴിയും നൽകി.
സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതും “മണിപ്പൂർ ഡയറി” സിനിമയുടെ സംവിധായകൻ മോശമായി പെരുമാറിയതുമായ പരാതികളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെ പ്രായത്തെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾ നുണയാണെന്നും ചിലർ രാഷ്ട്രീയപരമായ ലക്ഷ്യത്തോടെ വിഷയം ഉപയോഗിക്കുന്നുവെന്നും പെൺകുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.
സംവിധായകൻ സനോജ് മിശ്ര മോശമായി പെരുമാറിയെന്നും, വിഎച്ച്പി നേതാവ് അനിൽ വിളയിൽ തനിക്കെതിരെ തെറ്റായ പ്രചാരണം നടത്തിയെന്നും ആരോപിച്ച് പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ കോടതി പരിഗണനയിൽ തുടരുകയാണ്.

