പ്രവാസികൾക്ക് വലിയ ആശ്വാസവുമായി സെബിയുടെ പുതിയ ഇളവുകൾ; കെവൈസി ഇനി വിദേശത്തിരുന്നും ഓൺലൈനായി ചെയ്യാം

ന്യൂഡൽഹി: വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും പ്രവാസി നിക്ഷേപകർക്കും ആശ്വാസം പകർന്ന് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ. ബാങ്ക് അക്കൗണ്ടുകൾ, മ്യൂച്വൽ ഫണ്ടുകൾ, ഓഹരി വിപണി നിക്ഷേപങ്ങൾ എന്നിവയ്ക്കുള്ള കെവൈസി നടപടികൾ ഇനിമുതൽ ഇന്ത്യയിൽ നേരിട്ടെത്താതെ തന്നെ പൂർണ്ണമായും വിദേശത്തിരുന്ന് ഓൺലൈനായി പൂർത്തിയാക്കാം.

നേരത്തെ ഡിജിറ്റൽ കെവൈസി നടപടികൾ പൂർത്തിയാക്കണമെങ്കിൽപ്പോലും നിക്ഷേപകർ ഇന്ത്യയിൽ നേരിട്ടുണ്ടായിരിക്കണമെന്ന നിബന്ധന നിലനിന്നിരുന്നു. ഇത് യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, യുഎഇ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കഴിയുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഈ സാങ്കേതിക തടസ്സത്തിനാണ് ശാശ്വത പരിഹാരമാകുന്നത്.

ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ് മാനദണ്ഡങ്ങൾ പാലിക്കുന്ന രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്കാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ഈ സൗകര്യം പ്രയോജനപ്പെടുത്താനാകുക. പാൻ കാർഡ്, പാസ്‌പോർട്ട്, ഒസിഐ കാർഡ്, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ ലളിതമായി ഓൺലൈൻ വഴി സമർപ്പിക്കാം. നേരിട്ടുള്ള പരിശോധന സാധ്യമല്ലാത്ത സാഹചര്യങ്ങളിൽ സുരക്ഷിതമായ വിഡിയോ ഇൻ-പേഴ്സൺ വെരിഫിക്കേഷൻ വഴി തത്സമയ വിഡിയോ കോളിലൂടെ പരിശോധന പൂർത്തിയാക്കും. സുരക്ഷ മുൻനിർത്തി ഈ വിഡിയോ സെഷനുകൾ പൂർണ്ണമായും എൻക്രിപ്റ്റ് ചെയ്തതും ജിയോ-ടാഗ് ചെയ്തതുമായിരിക്കും.

കൂടാതെ, ഒരു സ്ഥാപനമോ ബ്രോക്കറോ വഴി ഒരിക്കൽ കെവൈസി പൂർത്തിയാക്കിയാൽ ആ വിവരങ്ങൾ മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കും. ഇതോടെ ഓരോ നിക്ഷേപത്തിനും വെവ്വേറെ കെവൈസി ആവർത്തിക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാകും. ഇന്ത്യൻ സാമ്പത്തിക വിപണിയിലേക്ക് കൂടുതൽ പ്രവാസി നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സെബിയുടെ ഈ പുതിയ പരിഷ്കാരം വലിയ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *