തിരുവനന്തപുരം: യുഡിഎഫിൽ മതിയായ കൂടിയാലോചനയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നുവെന്ന വിമർശനവുമായി മുന്നണി കൺവീനർ അടൂർ പ്രകാശ്. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെയാണ് അടൂർ പ്രകാശ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. പ്രധാന തീരുമാനങ്ങൾ സംബന്ധിച്ച് മുന്നണി കൺവീനർ എന്ന നിലയിൽ തന്നെ അറിയിക്കാറില്ലെന്നും പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീറിനെ ഭരണപരിഷ്കാര കമ്മിഷൻ ചെയർമാനായും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനെ ഡൽഹിയിലെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായും ക്യാബിനറ്റ് പദവിയോടെ നിയമിച്ച തീരുമാനങ്ങളും അടൂർ പ്രകാശ് ചൂണ്ടിക്കാട്ടി. ഇരുവരും അർഹരായ വ്യക്തികളാണെന്നും തന്റെ എതിർപ്പ് നിയമനങ്ങൾക്കല്ല, തീരുമാനമെടുക്കുന്ന രീതിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് യോഗങ്ങൾ ചേരാത്തതിലും അടൂർ പ്രകാശ് അതൃപ്തി രേഖപ്പെടുത്തി. മുന്നണി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയാണ് യോഗം വിളിക്കാൻ മുൻകൈയെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിലെ തന്റെ അതൃപ്തി എഐസിസി നേതൃത്വത്തെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
അതേസമയം, നിയമനങ്ങൾ യുഡിഎഫിന്റെ കൂട്ടായ തീരുമാനങ്ങളാണെന്ന് മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. എം.കെ. മുനീറും ജി. ദേവരാജനും അർഹരായ വ്യക്തികളാണെന്നും നിയമനങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

