പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ നിയമസഭാ സമിതി സന്ദർശനം നടത്തി. കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിന് ശേഷമാണ് സമിതി വിവിധ പ്രദേശങ്ങളിലെത്തിയത്. സമിതിയെ കാത്ത് ഓരോ കേന്ദ്രത്തിലും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളും വിവിധ സംഘടനാ പ്രതിനിധികളും എത്തിയിരുന്നു. എല്ലാവരുടെയും പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും നേരിട്ട് കേട്ടും എഴുതി വാങ്ങിയുമാണ് സമിതി മടങ്ങിയത്.
വന്യജീവി സംഘർഷ മേഖലയായ കോന്നി കുളത്തുമൺ പ്രദേശത്താണ് സംഘം ആദ്യം സന്ദർശനം നടത്തിയത്. കെ.യു. ജനീഷ് കുമാർ എംഎൽഎ, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
തുടർന്ന് സമിതി റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ സംഘം വിലയിരുത്തുകയും ചെയ്തു. വെള്ളം കയറിയ സ്ഥാപനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യാപാരികളിൽ നിന്ന് പരാതികൾ സ്വീകരിച്ചു. പ്രമോദ് നാരായൺ എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിന് സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്നതിനുമുള്ള നടപടികൾ സംഘം ചർച്ച ചെയ്തു.
തുടർന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി പ്രത്യേക യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും ഭാവിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. ഇതിനുശേഷം നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളിലും സമിതി പരിശോധന നടത്തി. ആറ്റിൽ അടിഞ്ഞുകൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതിനും ജലത്തിന്റെ സ്വാഭാവിക ഒഴുക്ക് സുഗമമാക്കുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾ വിലയിരുത്തി.
സന്ദർശനവേളയിൽ ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ അതീവ ഗൗരവമായി പരിഗണിക്കുമെന്നും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും സമിതി ചെയർപേഴ്സൺ സജീവ് ജോസഫ് എംഎൽഎ വ്യക്തമാക്കി.

