പന്ത് തട്ടി ലഹരിയെ പമ്പ കടത്താം; ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കണമെന്ന് ഫാ. ജോൺ കണ്ണന്താനം

വാകക്കാട്: പന്ത് തട്ടി ലഹരിയെ പമ്പകടത്താമെന്നും അതുവഴി ആരോഗ്യകരമായ ഒരു സമൂഹം നമുക്ക് കെട്ടിപ്പടുക്കാമെന്നും വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ മാനേജർ ഫാ. ജോൺ കണ്ണന്താനം പറഞ്ഞു. ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിനൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ‘സ്‌കൂളുകളിൽ നിന്നും വൺ മില്യൺ തൂഫാൻ ഗോളുകൾ’ എന്ന പദ്ധതി വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവസ്തുക്കളിൽ നിന്ന് കുട്ടികളെയും യുവജനങ്ങളെയും അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ മുഖ്യപ്രസംഗം നടത്തിയ മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് ബിൻസി ടോമി പറഞ്ഞു. മുഖ്യാതിഥിയായി പങ്കെടുത്ത ഫിസിക്കൽ എജ്യുക്കേഷൻ അസിസ്റ്റൻറ് പ്രൊഫസർ ഹരികൃഷ്ണ എസ് മാസ്‌മരിക പ്രകടനത്തിലൂടെ ലഹരിക്കെതിരെ നടത്തിയ പ്രത്യേക ബോധവൽക്കരണം കുട്ടികൾക്ക് നവ്യാനുഭവമായി.

ജീവിതമാണ് യഥാർത്ഥ ലഹരി എന്ന ബോധ്യം കുട്ടികളിൽ വളർത്തിയെടുക്കണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻമരിയ അമൽ അഭിപ്രായപ്പെട്ടു. ഫുട്ബോളിനോടുള്ള കുട്ടികളുടെ ആവേശം ലഹരിക്കെതിരെയുള്ള ഊർജ്ജമാക്കി മാറ്റണമെന്ന് പഞ്ചായത്ത് മെമ്പർ അഞ്ചു റോബിൻ പറഞ്ഞു. ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തുകൊണ്ട് വിശിഷ്ടാതിഥികളും കുട്ടികളും അധ്യാപകരും ഗോൾവല ചലിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി. റ്റെസ്സ്, കായിക അധ്യാപകൻ ജീമോൻ മാത്യു, പയസ്, മനു കെ ജോസ്, അനു അലക്സ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *