പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ മകന് ജീവപര്യന്തം; വിവരം മറച്ചുവെച്ച മുത്തച്ഛന് തടവും പിഴയും

തൊടുപുഴ: ഉടുമ്പൻചോല കൂട്ടലാറിൽ പിതാവിനെ മരക്കഷണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. കൊലപാതക വിവരം മറച്ചുവെക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് കൊല്ലപ്പെട്ടയാളുടെ പിതാവിന് (മുത്തച്ഛൻ) ആറുമാസം തടവും 25,000 രൂപ പിഴയും ചുമത്തി. കൂട്ടലാർ ചൂരക്കാട്ടിൽ ബിജു (48) കൊല്ലപ്പെട്ട കേസിൽ മകൻ ബിബിൻ (28), മുത്തച്ഛൻ ഗോപാലൻ (80) എന്നിവരെയാണ് ഇടുക്കി ജില്ലാ മൂന്നാം അഡീഷണൽ കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്.

2019 ജൂലായ് 22-നായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുടുംബവഴക്കിനെയും തർക്കത്തെയും തുടർന്ന് കട്ടിലിൽ കിടക്കുകയായിരുന്ന ബിജുവിനെ മകൻ ബിബിൻ മരക്കഷണം ഉപയോഗിച്ച് ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അടിയുടെ ആഘാതത്തിൽ തലയോട്ടി തകർന്ന് ഗുരുതരാവസ്ഥയിലായ ബിജുവിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ തയ്യാറാകാതെ വീട്ടിൽ തന്നെ കിടത്തി വിവരം മറച്ചുവെക്കുകയാണ് മുത്തച്ഛനായ ഗോപാലൻ ചെയ്തത്. തുടർന്ന് ബിജു നിലത്തു വീണ് പരിക്കേറ്റതാണെന്ന് പോലീസിനോട് വ്യാജ മൊഴി നൽകി ഇയാൾ തെളിവ് നശിപ്പിക്കാനും ശ്രമം നടത്തി.

പോലീസ് നടത്തിയ സമഗ്രവും ശാസ്ത്രീയവുമായ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും പ്രതികളുടെ പങ്ക് വ്യക്തമായതും. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും മൊഴികളും അംഗീകരിച്ചാണ് കോടതി ഇരുവർക്കുമെതിരെ ശിക്ഷ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *