കുറവിലങ്ങാട്: വൈദ്യുതത്തൂണിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ഷോക്കേറ്റ് താഴെ വീണ ലൈൻമാൻ മരിച്ചു. കെ.എസ്.ഇ.ബി കുറവിലങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാനും കൂത്താട്ടുകുളം ഒലിയപ്പുറം ആലുങ്കൽ സ്വദേശിയുമായ വിനോദ് ജോർജ് (50) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തോട്ടുവാ ജംഗ്ഷന് സമീപത്തെ വൈദ്യുതത്തൂണിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു ദാരുണമായ അപകടം. ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി ഷോക്കേറ്റതിനെ തുടർന്ന് വിനോദ് തൂണിൽനിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി തെള്ളകത്തെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം നിലവിൽ കാരിത്താസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

