പാലക്കാട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ചു; ഡ്രൈവർ വെന്തുമരിച്ചു

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോടിന് സമീപം രണ്ട് ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു. പാലക്കാട് ആറ്റാശ്ശേരി സ്വദേശി നസറുദ്ദീൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ അപകടം.

കോഴിഫാമുകളിലേക്ക് കൊണ്ടുപോകാനായി അറക്കപ്പൊടി കയറ്റിവന്ന ലോറിയും കണ്ടെയ്നർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിന് പിന്നാലെ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. അറക്കപ്പൊടിയിലേക്ക് തീ അതിവേഗം പടർന്നുപിടിച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർക്കും പരിക്കേറ്റു. എന്നാൽ തീ പടരുന്നത് കണ്ട് ഇദ്ദേഹം വേഗത്തിൽ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ ജീവൻ രക്ഷിക്കാനായി.

അപകടത്തെ തുടർന്ന് മുണ്ടൂർ മുതൽ കല്ലടിക്കോട് വരെയുള്ള ദേശീയപാതയിൽ മണിക്കൂറുകളോളം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വിവരമറിഞ്ഞ് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീയണയ്ക്കുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *