എച്ച്പിസിഎൽ റിഫൈനറിയിൽ വൻ തീപിടിത്തം; ആളപായമില്ല

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷന്റെ (എച്ച്പിസിഎൽ) റിഫൈനറിയിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാത്രി പത്തോടെയാണ് മാൽക്കാപുരം മേഖലയിലെ റിഫൈനറിയിൽ തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

റിഫൈനറിയിലെ സൾഫർ യൂണിറ്റിലുള്ള പിച്ച് ഇന്റർമീഡിയറ്റ് സ്റ്റോറേജ് ടാങ്കിലാണ് തീപിടിത്തമുണ്ടായത്. സൾഫർ പിച്ച് എന്ന അവശിഷ്ട ഉൽപ്പന്നമാണ് ടാങ്കിൽ സൂക്ഷിച്ചിരുന്നത്. തീയും കനത്ത പുകയും ഉയർന്നതോടെ സമീപപ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായി. തീപിടിത്തത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

വിവരമറിഞ്ഞ ഉടൻ റിഫൈനറിയിലെ അഗ്നിരക്ഷാ വിഭാഗം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എച്ച്പിസിഎല്ലിന്റെ സ്വന്തം അഗ്നിരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആന്ധ്രപ്രദേശ് അഗ്നിരക്ഷാ സേനയും ആവശ്യമായ സഹായം നൽകി. തീ പിച്ച് ടാങ്കിന്റെ പരിസരത്ത് മാത്രമായി ഒതുക്കാനായെന്നും റിഫൈനറിയിലെ മറ്റ് യൂണിറ്റുകൾ സുരക്ഷിതമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

തീപിടിത്തത്തിന് മുമ്പ് ചെറിയ സ്ഫോടനശബ്ദം കേട്ടതായി പ്രദേശത്തുനിന്ന് വിവരമുണ്ടായിരുന്നെങ്കിലും സംഭവത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല. സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.

സംഭവസ്ഥലം സന്ദർശിച്ച റവന്യൂ ഡിവിഷണൽ ഓഫീസർ ദിലീപ് ചക്രവർത്തി വ്യവസായ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിശാഖപട്ടണം പോലീസ് കമ്മിഷണർ ശങ്കബ്രത ബാഗ്ചിയും അപകടത്തിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *