ന്യൂഡല്‍ഹി: ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം സംബന്ധിച്ച് എക്സിറ്റ് പോളുകള്‍ മെല്ലെ ചുവുടുമാറ്റുന്നുവോ. തുടക്കത്തില്‍ എല്ലാ എക്സിറ്റ് പോളുകളും എന്‍ഡിഎയ്ക്ക് തകര്‍പ്പന്‍ വിജയമായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ അവസാനം പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ മറിച്ചുള്ള സൂചനകള്‍. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഒരു ഫോട്ടോഫിനിഷിന്റെ സൂചനയാണ് തരുന്നതെങ്കില്‍ ജേണോ മിറര്‍ ആര്‍ജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നു സംശയമില്ലാതെ പറയുന്ന. നേരിയതാണെങ്കില്‍ കൂടി ഭൂരിപക്ഷം കിട്ടുന്നതും മഹാസഖ്യത്തിനു തന്നെയായിരിക്കുമെന്നും ഇവര്‍ പറയുന്നു.
ബീഹാറില്‍ എന്‍ഡിഎ മുന്നണിക്ക് 121 മുതല്‍ 141 സീറ്റുകള്‍ വരെയാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 98 മുതല്‍ 118 വരെ സീറ്റുകളാണ് ഇവരുടെ പ്രവചനം. പല നിയോജക മണ്ഡലങ്ങളിലും വോട്ടു ചിതറിക്കാന്‍ പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്കു സാധിക്കുമെങ്കിലും ആകെ ലഭിക്കാന്‍ പോകുന്നത് ഒരു സീറ്റ് മാത്രമായിരിക്കുമത്രേ. അതു തന്നെ ലഭിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ആകെ വോട്ടു വിഹിതത്തില്‍ എന്‍ഡിഎയ്ക്ക് 43 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ മഹാസഖ്യത്തിന് ലഭിക്കുക 41 ശതമാനം വോട്ടായിരിക്കും. ഈ ചിത്രം ശരിയായി വരികയാണെങ്കില്‍ ബീഹാര്‍ പോകുന്നത് ഒരു ഫോട്ടോ ഫിനിഷിലേക്കായിരിക്കും. ഭൂരിപക്ഷത്തിന് ആകെ വേണ്ടത് 122 സീറ്റു മാത്രമാണ്.
ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍ പക്ഷേ, മഹാസഖ്യത്തിനു ഭൂരിപക്ഷം കിട്ടുമെന്നു തന്നെയാണ് പ്രവചിക്കുന്നത്. 130 മുതല്‍ 140 വരെ സീറ്റുകളാണ് ഇവര്‍ തേജസ്വിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനു പ്രവചിക്കുന്നത്. ഇവരുടെ കണക്കു കൂട്ടലില്‍ എന്‍ഡിഎ സഖ്യം പരമാവധി 110 സീറ്റുകള്‍ മാത്രമായിരിക്കും നേടുക. ഏറ്റവും കുറഞ്ഞത് നൂറു സീറ്റായിരിക്കും നേടുക.

