ബുസാൻ: ദക്ഷിണ കൊറിയയിൽ നടക്കുന്ന 31-ാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മലയാള ചിത്രം ‘ചെവിട്ടോർമ’യ്ക്ക് (The Soul Whisperer) ലോക പ്രീമിയർ. ലിയോ തദേവൂസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഏഷ്യൻ സിനിമയിലെ ശ്രദ്ധേയമായ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ‘എ വിൻഡോ ഓൺ ഏഷ്യൻ സിനിമ’ (A Window on Asian Cinema) വിഭാഗത്തിലാണ് ഇടംപിടിച്ചത്.
ദിലീഷ് പോത്തനും പൗളി വത്സനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മരണവും വിശ്വാസവും കുറ്റബോധവും ക്ഷമയും മനുഷ്യബന്ധങ്ങളും പ്രമേയമാക്കുന്ന വൈകാരിക നാടകമാണ്. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രം മനുഷ്യജീവിതത്തിലെ സങ്കീർണ്ണമായ അനുഭവങ്ങളെ വ്യത്യസ്തമായ സിനിമാറ്റിക് കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രപ്രവർത്തകർ ഒത്തുചേരുന്ന മേളയിൽ ലഭിച്ച ഈ അംഗീകാരം ചിത്രത്തിന്റെ അന്താരാഷ്ട്ര യാത്രയിലെ സുപ്രധാന നാഴികക്കല്ലായി മാറി.
പ്രീമിയർ ചടങ്ങിൽ ദിലീഷ് പോത്തൻ, പൗളി വത്സൻ, സംവിധായകൻ ലിയോ തദേവൂസ്, നിർമ്മാതാക്കളായ ലോകൻ രവി, സ്റ്റീഫൻ സക്കറിയാസ് എന്നിവരടക്കമുള്ള സംഘം കേരളീയ വേഷത്തിൽ എത്തിയത് അന്താരാഷ്ട്ര വേദിയിൽ ശ്രദ്ധയാകർഷിച്ചു. ഹരിത പറക്കോട്, ജോർജ് കോര, ശ്രീകാന്ത് മുരളി, ജിയോ ബേബി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ഇന്ത്യ, ഓസ്ട്രേലിയ, ഫ്രാൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ഒരു അന്താരാഷ്ട്ര സഹനിർമ്മാണ സംരംഭമാണ് ‘ചെവിട്ടോർമ’. സ്വരൂപ് ശോഭ ശങ്കറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള എഡിറ്റർ കാർലോ ഫ്രാൻസിസ്കോ മനടാഡയും ഇറാനിയൻ സംഗീതസംവിധായകൻ മിലാദ് മൊവഹെദിയും ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ അണിനിരന്നിട്ടുണ്ട്. സ്റ്റീഫൻ സക്കറിയാസ്, ലോകൻ രവി, ജേക്കബ് സക്കറിയാസ്, സാജൻ ബാലൻ, ഹർഷ് അഗർവാൾ, ആദിത്യ ഗ്രോവർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിർമ്മാതാക്കളിൽ ഒരാളായ ലോകൻ രവി ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ബെല്ലാരിറ്റിൽ പ്രവാസി മലയാളികൾക്കിടയിലെ സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്.

റിപ്പോര്‍ട്ട് -ബിസി തോപ്പില്‍

