വാഹനാപകടത്തില്‍ മരിച്ച ആന്‍മേരിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായ ഹസ്തവുമായി ഓസ്ട്രേലിയന്‍ മലയാളി സമൂഹം

പെർത്ത്: ഓസ്‌ട്രേലിയയിലെ പെർത്തിൽ ജൂലൈ 24 വെള്ളിയാഴ്ച രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ട അൻമേരി ജോയിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി തുക സ്വരൂപിക്കുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അൻമേരിയുടെ ഭർത്താവ് ശരത് ജോസ് മുഖത്തെ പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം കഴിഞ്ഞ് നാല് വർഷം മാത്രം പിന്നിടുമ്പോഴാണ് അൻമേരിയുടെ അപ്രതീക്ഷിത വേർപാട്. അപകടത്തിൽ ജീവൻ പൊലിഞ്ഞ അൻമേരിയുടെ രണ്ടു വയസ്സുകാരി മകൾ ഹോളി അമ്മയുടെ സ്നേഹം ഇനി ലഭിക്കില്ലെന്നറിയാതെ കഴിയുന്നത് കരളലിയിക്കുന്ന കാഴ്ചയാണ്. അൻമേരിയുടെ അമ്മയും സഹോദരിയും നാട്ടിൽ പ്രിയപ്പെട്ടവളെ അവസാനമായി ഒരുനോക്ക് കാണാൻ കണ്ണീരോടെ കാത്തിരിക്കുകയാണ്.

കുടുംബത്തിന്റെ പൂർണ്ണ സമ്മതത്തോടെ സെന്റ് ജോസഫ് സിറോ മലബാർ പാരീഷ് പെർത്തിന്റെ (St Joseph Syro-Malabar Parish Perth) നേതൃത്വത്തിലാണ് സഹായനിധി രൂപീകരിച്ചിരിക്കുന്നത്. അൻമേരിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനും സംസ്കാര ചടങ്ങുകൾക്കും, ശരതിന്റെയും കുഞ്ഞ് ഹോളിയുടെയും അടിയന്തര സാമ്പത്തിക ആവശ്യങ്ങൾക്കും ഹോളിയുടെ ഭാവി വിദ്യാഭ്യാസത്തിനുമായി തുക വിനിയോഗിക്കും. ഗോ ഫണ്ട് മീ (GoFundMe) വഴിയാണ് ധനസമാഹരണം പുരോഗമിക്കുന്നത്. പ്രവാസി സമൂഹത്തിന്റെ ചെറിയൊരു താങ്ങ് പോലും ഈ കുടുംബത്തിന് വലിയ ആശ്വാസമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

https://www.gofundme.com/f/in-loving-memory-of-anmary-joy/wa/s?utm_campaign=fp_sharesheet&utm_content=amp20_t1&utm_medium=customer&utm_source=whatsapp&lang=en_GB

Leave a Reply

Your email address will not be published. Required fields are marked *