സിഡ്നി: ആഗോള ടെലികോം സാങ്കേതിക രംഗത്തെ പ്രമുഖ കൂട്ടായ്മയായ 3GPP-യുടെ (3rd Generation Partnership Project) പരമോന്നത ബഹുമതിയായ ‘ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്’ സിഡ്നിയിൽ നിന്നുള്ള മലയാളി ജേക്കബ് ജോണിന് ലഭിച്ചു. കാൽനൂറ്റാണ്ട് നീണ്ട അർപ്പണബോധത്തോടെയുള്ള സേവനവും മികച്ച നേതൃപാടവവും മുൻനിർത്തിയാണ് ആദരവ്. 3GPP-യുടെ RAN വർക്കിംഗ് ഗ്രൂപ്പ് 5 (RAN5)-ന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങുന്ന വേളയിലാണ് ഈ സുപ്രധാന അംഗീകാരം അദ്ദേഹത്തെ തേടിയെത്തിയത്.
നടന്ന ഔദ്യോഗിക ചടങ്ങിൽ TSG RAN ചെയർമാൻ യൂൻസൺ കിം (Younsun Kim) ജേക്കബ് ജോണിന് പുരസ്കാരം സമ്മാനിച്ചു. പതിനൊന്ന് വർഷത്തെ ചെയർമാൻ പദവിയും ഇരുപത്തിയഞ്ച് വർഷത്തെ സേവനവും ഏറെ ശ്രദ്ധേയമാണെന്നും, RAN നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണയോടെ നൽകപ്പെട്ട നാമനിർദ്ദേശമാണിതെന്നും യൂൻസൺ കിം അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. RAN5 ഗ്രൂപ്പിനെ ഒരു കുടുംബം പോലെ ഒന്നിപ്പിച്ച് നിർത്തി സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിൽ അദ്ദേഹം വലിയ പങ്കാണ് വഹിച്ചതെന്ന് ആപ്പിൾ ഇൻകോർപ്പറേറ്റിന്റെ പ്രതിനിധിയും മുൻ TSG RAN ചെയർമാനുമായ വാൻഷി ചെന്നും (Wanshi Chen) അനുസ്മരിച്ചു.
2001-ൽ GERAN, T1 ഗ്രൂപ്പുകളിലൂടെയാണ് ജേക്കബ് ജോൺ 3GPP പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നത്. തുടർന്ന് 2005 മുതൽ RAN5 മീറ്റിംഗുകളിൽ സജീവ സാന്നിധ്യമായി. നാല് തലമുറകളിലായി യൂസർ എക്വിപ്മെന്റ് (UE) കൺഫോർമൻസ് ടെസ്റ്റ് സ്പെസിഫിക്കേഷനുകൾ രൂപീകരിക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. മികച്ച സംഭാവനകൾ മാനിച്ച് 2012-ൽ ആദ്യത്തെ 3GPP എക്സലൻസ് അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്.
സാങ്കേതിക രംഗത്തെ തന്റെ അറിവും വൈദഗ്ധ്യവും GCF, CTIA തുടങ്ങിയ ആഗോള സർട്ടിഫിക്കേഷൻ ബോഡികളിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രശംസനീയമായ നേതൃത്വമാണ് നൽകിയത്. സിഡ്നിയിൽ താമസിക്കുന്ന ജേക്കബ് ജോണിന്റെ ഈ ആഗോള അംഗീകാരം ലോകമെമ്പാടുമുള്ള മലയാളികൾക്കും ടെലികോം സാങ്കേതിക മേഖലയ്ക്കും വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

