ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ കൂടുതലും ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സതനാര്ബുദമാണ്.ലോകാരോഗ്യസംഘടനയുടെ 2020 ലെ കണക്കുപ്രകാരം 20 ലക്ഷത്തിലധികം സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുലക്ഷത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരണപ്പെട്ടിട്ടുമുണ്ട്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോമാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചിന്റെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപോര്‍ട്ട് പ്രകാരം 2020-ല്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. 76,000-ലധികം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും സ്തനാര്‍ബുദബാധിതരുട എണ്ണം 2.3 ലക്ഷമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്തനാര്‍ബുദം ആരംഭത്തിലേ കണ്ടുപിടിച്ചു ചികില്‍സിക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്ഥിരീകരിച്ചാല്‍ കൃത്യമായ ചികിത്സാരീതിയിലൂടെ സ്താനാര്‍ബുദം മാറ്റിയെടുക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു തരുന്നു. നാല്‍പ്പതാമത്തെ വയസ്സുമുതല്‍ സ്ത്രീകള്‍ മാമോഗ്രാമുകള്‍ ചെയ്ത് തുടങ്ങണമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. എക്സ്റേ ഇമേജിങ് രീതിയായ മാമോഗ്രാമാണ് സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കരുതുന്നത്.
എന്താണ് മാമോഗ്രാം?
മാമോഗ്രാം എന്നാല്‍ സ്തനങ്ങളുടെ എക്സ്- റേ പരിശോധനയാണ്. അതിനായി പ്രത്യേകമായ മാമോഗ്രാം മെഷീന് ഉണ്ട്. ഈ മെഷീനില്‍ ഒരു നിരപ്പായ പ്രതലത്തില്‍ (കംപ്രഷന്‍ പാഡ്) സ്തനങ്ങള്‍ വയ്ക്കുകയും ചെറിയ തോതില്‍ അമര്‍ത്തുകയും ചെയ്തതിനുശേഷം എക്സ്-റേ എടുക്കുന്നു. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ മാമോഗ്രാം ചിത്രങ്ങള്‍ തെളിയുന്നു.
മാമോഗ്രാം ചെയ്യുമ്പോള്‍ വേദനയോ മറ്റു പ്രശ്നങ്ങളോ ഉണ്ടാകുമോ?
അപൂര്‍വ്വം ചിലര്‍ക്ക് ചെറിയൊരു അസ്വസ്ഥത ഉണ്ടാവാം. അല്ലാതെ വേദനയുള്ള പരിശോധനയല്ല മാമോഗ്രാം.
ഈ പരിശോധനയ്ക്ക് എത്ര സമയമെടുക്കും?
പരമാവധി 15- 20 മിനിറ്റ്.
മാമോഗ്രാം എടുക്കുമ്പോള്‍ റേഡിയേഷന് മൂലം മറ്റു പ്രശ്നങ്ങളുണ്ടാകുമോ?
ഇല്ല. അനുവദനീയമായ വളരെ ചെറിയ അളവിലുള്ള റേഡിയേഷന് മാത്രമേ ഉണ്ടാകൂ.
എന്താണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം?
രോഗലക്ഷണങ്ങളുള്ളവര്‍ക്ക് സ്ഥിരീകരണത്തിനായും അസുഖത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും ചെയ്യുന്ന മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം. അതായത് സ്തനങ്ങളില്‍ മുഴകള്‍, മുലക്കണ്ണില്‍ നിന്നും സ്രവങ്ങള്‍ വരിക, സ്തനചര്‍മ്മത്തില്‍ നിറവ്യത്യാസങ്ങള്‍ വരിക, കക്ഷത്തിലെ മുഴകള്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ഡോക്ടറെ കാണേണ്ടതാണ്. അവര്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മാമോഗ്രാമാണ് ഡയഗ്നോസ്റ്റിക് മാമോഗ്രാം.

എന്താണ് സ്ക്രീനിങ് മാമോഗ്രാം?
രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്ത ഒരാള്‍ക്ക് ചെയ്യുന്നതാണ് സ്ക്രീനിങ് മാമോഗ്രാം.
സ്ക്രീനിങ് മാമോഗ്രാം ചെയ്യുക വഴി സ്തനങ്ങളില്‍ ഉണ്ടാകാവുന്ന മുഴകളും മുഴകള്‍ ഇല്ലാതെ ഉണ്ടാകാവുന്ന കാന്‍സറിന്റെ മറ്റു ലക്ഷണങ്ങളും കണ്ടുപിടിക്കാന്‍ കഴിയും. വര്‍ഷത്തിലൊരിക്കല്‍ മാമോഗ്രാം ചെയ്യുമ്പോള്‍ ആരംഭത്തിലേ കാന്‍സര്‍ കണ്ടുപിടിക്കാനും വളരെ നേരത്തെ ചികിത്സ ആരംഭിക്കാനും കഴിയും.
സ്ക്രീനിങ് മാമോഗ്രാമെന്നാല് കാന്‍സര്‍ തടയാനുള്ള മാര്‍ഗമല്ല. കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാനുള്ളതാണ്. വളരെ ചെറിയ മുഴകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാതെ ചെറിയ ഓപ്പറേഷനിലൂടെ മാറ്റിയെടുക്കാനും കഴിയും.
പല വികസിത രാജ്യങ്ങളിലും ഇതിന് നാഷണല്‍ പ്രോട്ടോക്കോള്‍ ഉണ്ട്. യു.കെയില്‍ 47 വയസ്സ് മുതല്‍ സ്ത്രീകള്‍ നിര്‍ബന്ധമായും മാമോഗ്രാം പരിശോധന ചെയ്തു തുടങ്ങേണ്ടതാണ്. അവിടുത്തെ നാഷണല്‍ ഹെല്‍ത്ത് സിസ്റ്റം (NHS) മുന്‍കൈയെടുത്ത് എല്ലാ സ്ത്രീകളിലും മാമോഗ്രാം പരിശോധന നടത്തുന്നു. അമേരിക്കയില്‍ അത് 45 വയസ്സാണ്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) നിര്‍ദ്ദേശിക്കുന്നത് 45 മുതല്‍ 54 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം മാമോഗ്രാം പരിശോധന നടത്തണം എന്നതാണ്. 55-ാം വയസ്സിന് ശേഷം രണ്ടുവര്‍ഷത്തിലൊരിക്കല്‍ സ്ക്രീനിംഗ് തുടരണം.
കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലുള്ള ആള്‍ക്കാര്‍ക്കും (High Risk category) കൂടുതല്‍ നിബിഡമായ സ്തനങ്ങള്‍ ഉള്ളവര്‍ക്കും സാധാരണയേക്കാള്‍ നേരത്തെയും ങഞക ഉള്‍പ്പെടെയുള്ള പരിശോധനകളും വേണ്ടി വന്നേക്കാം. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം ഇത്തരം പരിശോധനകള്‍ക്ക് വിധേയരാകുക.
പാശ്ചാത്യ രാജ്യങ്ങളില്‍ 50 വയസ്സിനു മുകളിലാണ് സാധാരണ കാന്‍സര്‍ കണ്ടുവരുന്നത്. ഇന്ത്യയില്‍ അതിലും നേരത്തെ തന്നെ, ബ്രസ്റ്റ് കാന്‍സര്‍ കാണുന്നു. അതുകൊണ്ടുതന്നെ 40 വയസ്സിനു ശേഷം മാമോഗ്രാം പരിശോധന ചെയ്തു തുടങ്ങണം.
സ്വയം പരിശോധനയിലൂടെയും ക്ലിനിക്കല്‍ പരിശോധനയിലൂടെയും ഒരു പരിധിവരെ മുഴകള്‍ കണ്ടുപിടിക്കാമെങ്കിലും മാമോഗ്രാം പരിശോധനയിലൂടെ 90%- നു മുകളില്‍ കാന്‍സറുകള്‍ നേരത്തെ കണ്ടുപിടിക്കാം. സ്വയം പരിശോധനയിലൂടെയും ക്ലിനിക്കില്‍ പരിശോധനയിലൂടെയും കുറഞ്ഞത് ഒരു സെന്റീമീറ്റര്‍ എങ്കിലും വലിപ്പമുള്ള മുഴകള്‍ മാത്രമേ കണ്ടുപിടിക്കാനാകൂ. എന്നാല്‍ മാമോഗ്രാം പരിശോധനയില്‍ തീരെ ചെറിയ മുഴകള്‍ കണ്ടുപിടിക്കാന്‍ സാധിക്കും. തുടക്കത്തിലേ കണ്ടു പിടിച്ചാല്‍ വളരെ ഫലപ്രദമായ ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാവുന്ന കാന്‍സറാണ് ബ്രസ്റ്റ് കാന്‍സര്‍.ഒരിക്കല്‍ ബ്രസ്റ്റ് കാന്‍സര്‍ ചികിത്സ എടുത്ത ആളുകള്‍ക്കും പിന്നീട് വര്‍ഷത്തിലൊരിക്കല്‍ സ്ക്രീനിങ് മാമോഗ്രാം നിര്‍ദ്ദേശിക്കുന്നു
സ്ക്രീനിംഗ് മാമോഗ്രാം ചെയ്യേണ്ടത് എപ്പോള്‍?
മാസമുറ തുടങ്ങി രണ്ടാമത്തെയും മൂന്നാമത്തെയും ആഴ്ചയിലാണ് സ്ക്രീനിങ് മാമോഗ്രാം ചെയ്യാന്‍ ഏറ്റവും നല്ലത്. ഒന്നാമത്തെയും നാലാമത്തെയും ആഴ്ച മാമോഗ്രാം ചെയ്യാന്‍ തിരഞ്ഞെടുക്കരുത്. ആദ്യത്തെയും അവസാനത്തെയും ആഴ്ച ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലം ബ്രെസ്റ്റിന്റെ സാന്ദ്രത കൂടുന്നതും ചിലപ്പോള്‍ വേദനയുണ്ടാകാന്‍ സാധ്യതയുമുള്ള സമയങ്ങളാണ്.
ആര്‍ത്തവവിരാമ (മെനോപോസ്) ത്തിന് ശേഷമാണെങ്കില്‍ ഏത് സമയത്തും മാമോഗ്രാം പരിശോധന ചെയ്യാം.എന്നാല്‍ ഡയഗ്നോസ്റ്റിക് മാമോഗ്രാമിന് ആര്‍ത്തവ ചക്രം പരിഗണിക്കാറില്ല. കഴിവതും നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സ ആരംഭിക്കണം
മാമോഗ്രാം ചെയ്യാന്‍ പോകുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍?
മാമോഗ്രാമിന് പോകുന്ന ദിവസം പെര്‍ഫ്യൂമോ പൗഡറോ ലോഷനോ ഒന്നും സ്തനഭാഗത്ത് ഉപയോഗിക്കരുത്. അത് മാമോഗ്രാമിന്റെ വിശകലനത്തിനെ വിപരീതമായി ബാധിച്ചേക്കാം.ഒരു കുടുംബത്തിലെ അമ്മയ്ക്കോ സഹോദരിമാര്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ ബ്രസ്റ്റ് കാന്‍സര്‍ / അണ്ഡാശയ കാന്‍സര്‍ ഉണ്ടെങ്കില്‍, ആ കുടുംബത്തിലെ മറ്റു സ്ത്രീകള്‍ക്ക് സാധാരണ സ്ത്രീകളെ അപേക്ഷിച്ച് ബ്രസ്റ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറച്ചുകൂടി കൂടുതലാണ്. അതുകൊണ്ടുതന്നെ സ്ക്രീനിങ്ങും ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് നേരത്തേ തുടങ്ങണം.
ലോകത്താകമാനം സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന കാന്‍സറാണ് ബ്രസ്റ്റ് കാന്‍സര്‍. ഇന്ത്യയിലെ കാര്യം എടുത്താല്‍ 2022-ലെ കണക്ക് പ്രകാരം, ഓരോ നാലു മിനിറ്റിലും ഒരു സ്ത്രീയില്‍ ബ്രസ്റ്റ് കാന്‍സര്‍ കണ്ടെത്തുന്നുണ്ട്. ഓരോ 13 മിനിറ്റിലും ഒരു സ്ത്രീ ബ്രസ്റ്റ് കാന്‍സര്‍ മൂലം മരിക്കുന്നുമുണ്ട്. രോഗം കണ്ടുപിടിക്കാന്‍ വൈകുന്നതാണ് ഈ മരണനിരക്കിന് കാരണം. അതുതന്നെയാണ് രോഗം ആരംഭത്തിലേ കണ്ടുപിടിക്കേണ്ടതിന്റെ ആവശ്യകതയും സ്ക്രീനിംഗ് മാമോഗ്രാം ചെയ്യേണ്ടതിന്റെ പ്രാധാന്യവും.

