സമൂഹമാധ്യമ ആഹ്വാനം കേട്ട് അഡ്‌ലെയ്ഡ് ബീച്ചുകളിൽ കൗമാരക്കാരുടെ കൂട്ടത്തല്ല്; പോലീസ് അന്വേഷണം ശക്തം

അഡ്‌ലെയ്ഡ്: സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച സന്ദേശങ്ങളെത്തുടർന്ന് അഡ്‌ലെയ്ഡിലെ ബീച്ചുകളിൽ നൂറുകണക്കിന് കൗമാരക്കാർ തടിച്ചുകൂടുകയും തുടർന്ന് അക്രമസംഭവങ്ങൾ അരങ്ങേറുകയും ചെയ്ത പശ്ചാത്തലത്തിൽ സൗത്ത് ഓസ്ട്രേലിയൻ പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഗ്ലെനെൽഗ്, ഹെൻലി ബീച്ചുകളിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ ടിക് ടോക് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

വലിയൊരു കൂട്ടം കൗമാരക്കാർ നോക്കിനിൽക്കെ ചുരുക്കം ചിലർ തമ്മിലാണ് സംഘർഷമുണ്ടായത്. ചിലരുടെ കൈകളിൽ ഗ്ലാസ് കുപ്പികൾ ഉണ്ടായിരുന്നുവെന്നും പലയിടങ്ങളിലായി നാലിടത്ത് അടിപിടി നടന്നതായും സമൂഹമാധ്യമങ്ങളിലെ വീഡിയോകളിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ ആർക്കും ഗുരുതര പരിക്കേറ്റതായോ ആക്രമണങ്ങൾ സംബന്ധിച്ചോ ഔദ്യോഗികമായി പരാതികൾ ലഭിച്ചിട്ടില്ല. എന്നാൽ ഹെൻലി ബീച്ചിലുണ്ടായ മറ്റൊരു അനിഷ്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കൗമാരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

കൂട്ടായ്മകൾക്ക് പിന്നിൽ ആസൂത്രിത നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്നറിയാൻ സമൂഹമാധ്യമ പോസ്റ്റുകൾ വിശദമായി പരിശോധിച്ച് വരികയാണെന്ന് ആക്ടിംഗ് അസിസ്റ്റന്റ് കമ്മീഷണർ ഡേവിഡ് ഒ’ഡൊണോവൻ അറിയിച്ചു. സ്‌കൂൾ അവധിക്കാലമായതിനാൽ തീരദേശ മേഖലകളിൽ ക്രമസമാധാനം ഉറപ്പാക്കാൻ എല്ലാ വേനൽക്കാലത്തും നടപ്പാക്കാറുള്ള ‘ഓപ്പറേഷൻ ജെറിക്കോ’ പരിശോധന മുൻകൂട്ടിത്തന്നെ ആരംഭിക്കുന്ന കാര്യവും എസ്.എ പോലീസ് പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *