ന്യൂ സൗത്ത് വെയിൽസിൽ വൻ മോഷണപരമ്പര; 23-കാരൻ പിടിയിൽ, ആയുധങ്ങളും ലഹരിമരുന്നും പിടിച്ചെടുത്തു

പാർക്സ്: ന്യൂ സൗത്ത് വെയിൽസിലെ പാർക്സ് (Parkes) മേഖലയിൽ തുടർച്ചയായി കവർച്ചകൾ നടത്തിയ 23-കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിലപിടിപ്പുള്ള വാഹനങ്ങളും ഇന്ധനവും നിർമ്മാണ ഉപകരണങ്ങളും ഉൾപ്പെടെ വൻതോതിൽ മോഷണം നടത്തിയ പ്രതിക്കെതിരെ ഗുരുതരമായ വകുപ്പുകൾ ചുമത്തി.

ഓഗസ്റ്റ് 10 തിങ്കളാഴ്ചയ്ക്കും 11 ചൊവ്വാഴ്ചയ്ക്കും ഇടയിലാണ് മോഷണ പരമ്പരകളുടെ തുടക്കം. പാർക്സിലെ ഗ്ലെൻഗൗറി ക്ലോസിൽ പാർക്ക് ചെയ്തിരുന്ന 30,000 ഡോളർ വിലമതിക്കുന്ന ഡ്യുവൽ-ആക്സിൽ ഫ്യൂവൽ ട്രെയിലറാണ് പ്രതി ആദ്യം കവർന്നത്. ഇതിൽ 4,920 ഡോളർ വിലവരുന്ന 2,000 ലിറ്റർ ഡീസലും ഉണ്ടായിരുന്നുവെന്ന് എൻ.എസ്.ഡബ്ല്യു പോലീസ് അറിയിച്ചു. തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന ടൊയോട്ട ഹൈലക്സ് കാർ കുത്തിത്തുറന്ന് ട്രിംബിൾ ജിപിഎസ് റിസീവർ, ഗ്രൈൻഡർ, ബ്ലോവർ തുടങ്ങി ഒട്ടേറെ നിർമ്മാണ ഉപകരണങ്ങളും ഇയാൾ മോഷ്ടിച്ചു. തുടർന്ന് ഓഗസ്റ്റ് 11-ന് രാത്രി തോൺബറി സ്ട്രീറ്റിലെ സ്കൂൾ നിർമ്മാണ മേഖലയുടെ പൂട്ടുതകർത്ത് അകത്തുകയറി ഡ്രിൽ, ആംഗിൾ ഗ്രൈൻഡർ, വാക്വം ക്ലീനർ എന്നിവയും പ്രതി കവർച്ച ചെയ്തു.

ഓഗസ്റ്റ് 13 വ്യാഴാഴ്ച പുലർച്ചെ വരാഗ്ര പ്ലേസിലെ വീട്ടുപറമ്പിൽ പാർക്ക് ചെയ്തിരുന്ന എസ്‌.യു.വി കാറിൽ നിന്ന് ഡിസൈനർ സൺഗ്ലാസുകൾ മോഷണം പോയതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. അന്ന് രാവിലെ ആൽബർട്ട് സ്ട്രീറ്റിന് സമീപത്തുനിന്നും മോഷ്ടിച്ച ഡീസൽ ഡ്രമ്മുകളും മറ്റ് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തു. തുടർന്ന് ആൽബർട്ട് സ്ട്രീറ്റിലെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 23-കാരനെ പോലീസ് പിടികൂടുകയും സംശയാസ്പദമായ ഇലക്ട്രോണിക് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്.

ഉച്ചയോടെ കുറാജോങ് സ്ട്രീറ്റിലെ മറ്റൊരു വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷണമുതലിന് പുറമെ നിരോധിത ലഹരിമരുന്നുകളും ലേസർ പോയിന്റർ അടക്കമുള്ള ആയുധങ്ങളും പോലീസ് കണ്ടെടുത്തു. മോഷണം, മയക്കുമരുന്ന് കൈവശം വെക്കൽ, അനധികൃതമായി ആയുധം സൂക്ഷിക്കൽ തുടങ്ങി അഞ്ചോളം ഗുരുതര വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *