കേരളം തദ്ദേശ തിരഞ്ഞെടുപ്പ് ആരവത്തില്‍ മുങ്ങുമ്പോള്‍ ആളും ആരവവുമില്ലാതെ മട്ടന്നൂര്‍, ഇവിടെ തിരഞ്ഞെടുപ്പ് 2027ല്‍

കണ്ണൂര്‍: കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവത്തിലേക്ക് ഉണരുമ്പോള്‍ ആളും അനക്കവുമില്ലാത്ത അവസ്ഥയിലാണ് നഗരസഭയായ മട്ടന്നൂര്‍. കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കില്ലാത്ത ഏക മുനിസിപ്പാലിറ്റിയാണിത്. ഇനി രണ്ടു വര്‍ഷം കൂടി കഴിഞ്ഞാലാണ് മട്ടന്നൂര്‍ നഗരസഭ പോളിങ് ബൂത്തിലേക്കു പോകുക.

ഈ വ്യത്യാസത്തിന്റെ ചരിത്രം തുടങ്ങുന്നത് 34 വര്‍ഷം മുമ്പു മുതലാണ്. 1991ല്‍ അന്നത്തെ ഇടതുമുന്നണി ഗവണ്‍മെന്റ് മട്ടന്നൂരിനെ മുനിസിപ്പാലിറ്റിയായി ഉയര്‍ത്തിയെങ്കിലും തൊട്ടു പിന്നാലെ ഭരണത്തില്‍ വന്ന യുഡിഎഫ് ഗവണ്‍മെന്റ് തിരികെ പഞ്ചായത്തായി തരംതാഴ്ത്തി. ഇതിനെതിരേ ഇടതുമുന്നണി ഹൈക്കോടതിയില്‍ കേസുമായി പോകുകയും ഹൈക്കോടതി മുനിസിപ്പാലിറ്റി പദവി പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജീവനക്കാരുടെ കുറവു നിമിത്തം മൂന്നു വര്‍ഷത്തോളം മുനിസിപ്പാലിറ്റി എ്ന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളൊന്നും ആരംഭിക്കുകയുണ്ടായില്ല.

1997ലാണ് പിന്നീട് തിരഞ്ഞെടുപ്പ് നടക്കുന്നതും ഭരണസമിതി നിലവില്‍ വരുന്നതും. അന്നു മുതല്‍ മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നു മാറി വ്യത്യസ്തമായ സമയത്താണ് മട്ടന്നൂരില്‍ മാത്രം തിരഞ്ഞെടുപ്പ്. അതിന്റെ തുടര്‍ച്ചായയി ഇത്തവണയും മട്ടന്നൂര്‍ മുനിസിപ്പാലിറ്റ്ി മാത്രം ബൂത്തിലേക്കു നീങ്ങുന്നത് 2027ലായിരിക്കും. അതിനാല്‍ ഇവിടുത്തെ പ്രവര്‍ത്തകരും നേതാക്കന്‍മാരുമൊക്കെ കൂട്ടത്തോടെ അയല്‍ പഞ്ചായത്തുകളിലും ഇരിട്ടി മുനിസിപ്പാലിറ്റിയിലുമാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *