വാഷിങ്ടൺ: മൈക്രോസോഫ്റ്റിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ വ്യാഴാഴ്ച ആഗോളതലത്തിൽ തടസപ്പെട്ടു. ഇമെയിൽ സേവനമായ ഔട്ട്ലുക്ക്, ആശയവിനിമയ ആപ്പായ മൈക്രോസോഫ്റ്റ് ടീംസ്, എഐ അസിസ്റ്റന്റായ കോപൈലറ്റ് എന്നിവയുൾപ്പെടെയുള്ള മൈക്രോസോഫ്റ്റ് 365 സേവനങ്ങളെയാണ് തകരാർ ബാധിച്ചത്.
ഓൺലൈൻ സേവനങ്ങളിലെ തടസങ്ങൾ നിരീക്ഷിക്കുന്ന ഡൗൺഡിറ്റക്ടറിന്റെ കണക്കനുസരിച്ച് ഏകദേശം 1.30 ലക്ഷം ഉപയോക്താക്കൾ ഔട്ട്ലുക്ക് ഉപയോഗിക്കുന്നതിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു. ഇമെയിലുകൾ അയയ്ക്കുന്നതിനും സ്വീകരിക്കുന്നതിനും ഇൻബോക്സ് തുറക്കുന്നതിനും ഉപയോക്താക്കൾക്ക് തടസമുണ്ടായി. ആയിരക്കണക്കിന് ആളുകൾക്ക് ടീംസ്, കോപൈലറ്റ് സേവനങ്ങളും ഉപയോഗിക്കാനായില്ല.
അമേരിക്കൻ ഭൂഖണ്ഡങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ്ചേഞ്ച് ഓൺലൈൻ മെയിൽബോക്സുകൾ ഉപയോഗിക്കുന്നതിൽ പ്രധാനമായും തടസം നേരിട്ടതെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. സെർവറുകളിലെ അമിതഭാരവും ഓട്ടോമാറ്റിക് പരിശോധനകൾക്കിടെ ചില സെർവറുകൾ അപ്രതീക്ഷിതമായി പ്രവർത്തനരഹിതമായതുമാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്നാണ് കമ്പനിയുടെ പ്രാഥമിക വിശദീകരണം.
പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി ബാധിക്കപ്പെട്ട സെർവറുകൾ പുനരാരംഭിക്കാനും സേവനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനും നടപടികൾ സ്വീകരിച്ചതായി മൈക്രോസോഫ്റ്റ് 365 സ്റ്റാറ്റസ് അക്കൗണ്ടിലൂടെ അറിയിച്ചു. തകരാറിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി പുതിയ വിന്യാസങ്ങളും കോൺഫിഗറേഷൻ മാറ്റങ്ങളും താൽക്കാലികമായി നിർത്തിവച്ചതായും കമ്പനി വ്യക്തമാക്കി.
വടക്കേ അമേരിക്കയിൽ മൈക്രോസോഫ്റ്റ് ടീംസിനുണ്ടായ ചില തകരാറുകൾ പരിഹരിച്ചതായി കമ്പനി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ചില ഉപയോക്താക്കൾക്ക് തുടർന്നും കണക്റ്റിവിറ്റി പ്രശ്നങ്ങൾ നേരിട്ടു. സേവനങ്ങൾ പൂർണമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ തുടരുകയായിരുന്നു.
മൈക്രോസോഫ്റ്റിന്റെ സെർവർ സംവിധാനങ്ങളിലെ തകരാർ കമ്പനിയുടെ സ്വന്തം സേവനങ്ങൾക്കു പുറമെ മറ്റ് സാങ്കേതിക പ്ലാറ്റ്ഫോമുകളെയും ബാധിച്ചു

