മാതൃക കുട്ടി കർഷകരുടെ വീട്ടിൽ സന്ദർശനം നടത്തി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ്

ആലപ്പുഴ: കാർഷിക മേഖലയോടുള്ള താൽപര്യവും അഭിനിവേശവും മുതൽക്കൂട്ടാക്കി വിജയം കൈവരിച്ച സഹോദരങ്ങളായ മാതൃക കുട്ടി കർഷകരെ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നേരിട്ടെത്തി അഭിനന്ദിച്ചു. ആലപ്പുഴ ഫരീദ മൻസിലിൽ ഫിറോസ്-നാസില ദമ്പതികളുടെ മക്കളായ ഫരീദ, ഫാദിയ, ഫാദിൽ മുഹമ്മദ് എന്നിവരെയാണ് മന്ത്രി വീട്ടിലെത്തി പ്രശംസിച്ചത്. മൂവരും ആലപ്പുഴ സെന്റ് ജോസഫ് സ്കൂളിലെ വിദ്യാർത്ഥികളാണ്. കുട്ടികളുടെ കാർഷിക മുന്നേറ്റത്തെക്കുറിച്ച് അറിഞ്ഞതിനെ തുടർന്നാണ് മന്ത്രി സന്ദർശനം നടത്തിയത്.

ചെറുപ്രായത്തിൽത്തന്നെ കൃഷിയിലേക്ക് കടന്നുവന്ന് വിവിധയിനം പച്ചക്കറികളും മറ്റ് കാർഷികവിളകളും വിജയകരമായി വിളയിച്ചെടുത്ത ഇവരുടെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുന്നതിനൊപ്പം ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം കൂടിയാണ് ഇവരുടെ കർഷിക മുന്നേറ്റമെന്നും അദ്ദേഹം വ്യക്തമാക്കി. പുതുതലമുറയെ മണ്ണിലേക്കും കൃഷിയിലേക്കും ആകർഷിക്കുന്നതിനും ലഹരിക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സ്കൂൾതലത്തിൽ ആരംഭിച്ച ‘കതിർ’ കാർഷിക ക്ലബ്ബിന് ഈ കുട്ടികളുടെ പ്രവർത്തനം വലിയൊരു പ്രചോദനമാണ്. കാർഷികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കുട്ടികൾക്ക് കഴിയുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സഹോദരങ്ങളെന്നും, പഠനത്തോടൊപ്പം കൃഷിയെ നെഞ്ചിലേറ്റിയ ഇവരുടെ പരിശ്രമം സമൂഹത്തിന് മികച്ചൊരു സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സന്ദർശനത്തിനിടെ കുടുംബാംഗങ്ങളോടും കുട്ടികളോടും മന്ത്രി വിശദമായി സംസാരിക്കുകയും അവരുടെ കൃഷിരീതികളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. വെറും അഞ്ച് സെന്റ് മാത്രമുള്ള സ്ഥലത്തെ വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായാണ് ഇവർ കൃഷി ഒരുക്കിയിരിക്കുന്നത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പൂക്കൾ എന്നിവയെല്ലാം ഈ പരിമിതമായ സ്ഥലത്ത് സമൃദ്ധമായി വളരുന്നു. ബുള്ളറ്റ് മുളക്, മീറ്റർ മുളക്, സീറ മുളക് തുടങ്ങിയ വിവിധയിനം മുളകുകൾ, വൈവിധ്യമാർന്ന ചീരകൾ, ഇഞ്ചി, തക്കാളി, വെണ്ട, വഴുതന, പടവലം എന്നിവയ്ക്ക് പുറമെ മുന്തിരി, ഏലം, സ്ട്രോബെറി, ബദാം, അമ്പഴം, ആപ്പിൾ, പ്ലം, ജബോട്ടിക്കാബ, അവോക്കാഡോ, മാങ്കോസ്റ്റിൻ, സപ്പോട്ട, പേര, ഡ്രാഗൺ ഫ്രൂട്ട്, നാരകം, ഓറഞ്ച്, ദുരിയാൻ, ലിച്ചി, സീതപ്പഴം തുടങ്ങിയ പഴവർഗ്ഗങ്ങളും ഇവിടെ വിളയുന്നുണ്ട്.

കൃഷിപാഠങ്ങൾ നേരിട്ടറിയാൻ നിരവധി വിദ്യാർത്ഥികളും കർഷകരുമാണ് ഈ വീട്ടിലേക്ക് എത്തുന്നത്. ഇതിനോടകം നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും ഈ കൊച്ചുമിടുക്കർക്ക് ലഭിച്ചിട്ടുണ്ട്. വാർഡ് കൗൺസിലർ ലൈലാ ബീവിയും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *