ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ മിസൈൽ ആക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ അമേരിക്കയോട് ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിനിരയായത് സെറ്റബെല്ലോ എന്ന വാണിജ്യ ഇന്ധന ടാങ്കറാണ്. സൊഹാർ തീരത്ത് നിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായിരുന്നു ആക്രമണം നടന്നത്.
പലാവു പതാകയുള്ള കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു. ആക്രമണത്തിന് പിന്നാലെ 21 പേരെ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് ഇന്ത്യൻ നാവികരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചു. കാണാതായ നാവികർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
മേഖലയിലെ വാണിജ്യ കപ്പലുകൾക്കും സാധാരണ നാവികർക്കുമെതിരായ ആക്രമണങ്ങൾ അതീവ ആശങ്കാജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയസ്വാൾ പ്രതികരിച്ചു. അന്താരാഷ്ട്ര ചരക്കുഗതാഗതത്തിന്റെയും നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെയും സുരക്ഷ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്കൻ സൈന്യം കപ്പലിനെ ലക്ഷ്യമിട്ട നടപടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കപ്പൽ നിർദേശങ്ങൾ പാലിച്ചില്ലെന്നാരോപിച്ചാണ് ആക്രമണം നടത്തിയതെന്നാണ് ചില അന്താരാഷ്ട്ര റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

