കാണാതായ അമ്മയും മകനും കൊല്ലപ്പെട്ടതായി സൂചന; ശരീരഭാഗങ്ങൾ കണ്ടെത്തി

ഇടുക്കി: കാണാതായ അമ്മയെയും മകനെയും കൊലപ്പെടുത്തി വീടിനുസമീപം കുഴിച്ചുമൂടിയതായി പൊലീസ് സംശയിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത് നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തി.

നെടുങ്കണ്ടം പച്ചടിയിൽ താമസിക്കുന്ന മേരിക്കുട്ടി (70)യും മകൻ റെജി (48)യുമാണ് ഏകദേശം ഒരു മാസം മുമ്പ് കാണാതായത്. മേരിക്കുട്ടിയുടെ മകൾ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

പരിശോധനയുടെ ഭാഗമായി പൊലീസ് ഇവരുടെ വീട്ടിലെത്തിയപ്പോൾ, മേരിക്കുട്ടിയുടെ മറ്റൊരു മകനായ അജി വീട്ടിലുണ്ടായിരുന്നു. പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെട്ടതോടെ സംശയം ശക്തമായി.

തുടർന്ന് ഇന്ന് രാവിലെയോടെ വീട്ടിലും പരിസരങ്ങളിലും നടത്തിയ പരിശോധനയിൽ മണ്ണ് ഇളകിയ നിലയിൽ കണ്ട സ്ഥലത്ത് കുഴിച്ചുനോക്കിയപ്പോൾ ശരീരഭാഗങ്ങൾ കണ്ടെത്തി. പുരുഷന്റെ കാലിന്റെ ഭാഗമാണെന്നാണ് പ്രാഥമിക നിഗമനം.

സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി, ആർഡിഒ, ഫോറൻസിക് വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരടങ്ങിയ സംഘം പരിശോധന തുടരുകയാണ്. കൂടുതൽ മണ്ണ് നീക്കി മറ്റ് അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

ഇതിനിടെ, ഓടി രക്ഷപ്പെട്ട അജിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. മേരിക്കുട്ടിയുടെ ഭർത്താവും അഞ്ച് വർഷം മുമ്പ് കാണാതായതായി വിവരം ലഭിച്ചതോടെ സംഭവത്തിൽ കൂടുതൽ ദുരൂഹത ഉയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *