അമ്മമാരിലും കുട്ടികളിലും കാണപ്പെടുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാൻ കൂടുതൽ പദ്ധതികൾ: മന്ത്രി ബിന്ദു കൃഷ്ണ

കൊല്ലം: അമ്മമാരിലും കുട്ടികളിലും കാണപ്പെടുന്ന പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്ന് വനിതാ-ശിശുവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കെപ്കോയുടെ ആഭിമുഖ്യത്തിൽ അഞ്ചാലുംമൂട് സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ‘കുഞ്ഞുകൈകളിൽ കോഴിക്കുഞ്ഞ്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ തലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ നൂതന പദ്ധതികൾ നടപ്പാക്കുമെന്നും ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ 1503 വിദ്യാർത്ഥികൾക്ക് അഞ്ചു വീതം കോഴിക്കുഞ്ഞുങ്ങളെയും ഒരു കിലോ കോഴിത്തീറ്റയുമാണ് നൽകുന്നത്. 12.75 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചിലവഴിക്കുന്നത്. ചടങ്ങിൽ വിദ്യാർത്ഥികൾക്കുള്ള കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ബിജു ആർ. നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. എസ്. ഗോപകുമാർ, ബി. അജിത് കുമാർ, പ്രിൻസിപ്പൽ ഷൈജു ടി. എസ്., ഹെഡ്മാസ്റ്റർ ബി. കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *