ചക്കയ്ക്ക് ആഗോള വിപണിയൊരുക്കാൻ മുക്കം നഗരസഭ; ശ്രദ്ധേയമായി ‘ചക്ക ഫെസ്റ്റ്’

കോഴിക്കോട്‌ : വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും ഏറെ ആവശ്യക്കാരുള്ള ചക്കയ്ക്ക് വിപുലമായ വിപണിയൊരുക്കാൻ ഒരുങ്ങുകയാണ് മുക്കം നഗരസഭ. പ്രാദേശികമായി ലഭിക്കുന്ന ചക്കയെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയാണ് നഗരസഭ ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയിൽ മുക്കത്ത് സംഘടിപ്പിച്ച ‘ചക്ക ഫെസ്റ്റ്’ പൊതുജനങ്ങൾക്കിടയിൽ വലിയ ശ്രദ്ധ നേടി.

മേളയുടെ ഭാഗമായി ചക്ക കൊണ്ടുള്ള വൈവിധ്യമാർന്ന വിഭവങ്ങളുടെ വൻ പ്രദർശനവും വിൽപ്പനയുമാണ് ഒരുക്കിയിരുന്നത്. ചക്ക അച്ചാർ, കൊണ്ടാട്ടം, ചക്കപ്പായസം, ലഡു, ചക്ക പുഡിംഗ്, കേക്ക്, ചക്ക ഉപ്പേരി, ചക്കപ്പുട്ട്, ചമ്മന്തി, ഉണ്ണിയപ്പം, പുഴുക്ക്, ഹൽവ, ചക്കക്കുരു വരട്ടിയത്, തോരൻ, ചക്കക്കുരു ഉപ്പേരി, ചക്ക ചപ്പാത്തി തുടങ്ങി മുപ്പതിലധികം വിഭവങ്ങളാണ് ഫെസ്റ്റിൽ അണിനിരന്നത്.

വിഭവങ്ങൾക്ക് പുറമെ വിവിധയിനം ചക്കകളുടെ പ്രദർശനവും ഉയർന്ന ഗുണമേന്മയുള്ള പ്ലാവ് തൈകളുടെ പ്രദർശനവും വിൽപ്പനയും മേളയുടെ ഭാഗമായി നടന്നു. ചക്ക ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വരും ദിവസങ്ങളിൽ കൂടുതൽ വിപുലമായ പദ്ധതികൾ നഗരസഭയുടെ നേതൃത്വത്തിൽ ആവിഷ്കരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *