പൂനെ: വിവാഹനിശ്ചയം കഴിഞ്ഞ യുവാവായ വ്യവസായി കേതൻ വിശാൽ അഗർവാളിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്താൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. കേസിൽ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ അഭിഭാഷകൻ ഉജ്ജ്വൽ നിഗമിനെയും നിയമിച്ചു.
കേസിൽ അറസ്റ്റിലായ പ്രതിശ്രുത വധു സിയ ഗോയലിനും കാമുകൻ ചേതൻ ബാബുലാൽ ചൗധരിക്കുമെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യത്തിന് മുമ്പും ശേഷവും ഇരുവരും തമ്മിൽ നടത്തിയ ഫോൺ ചാറ്റുകൾ മൊബൈൽ ഫോണുകളിൽ നിന്ന് നീക്കം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
കേതൻ വിഗ് ഉപയോഗിച്ചിരുന്നതും തലമുടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഉൾപ്പെടെയുള്ള കാരണങ്ങളാൽ വിവാഹത്തിൽ താൽപര്യമില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സിയ സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം, കേതന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് കേസ് അതിവേഗ കോടതിയിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചത്.

