സ്വീഡന്റെ പരമോന്നത ബഹുമതി നരേന്ദ്ര മോദിക്ക്

ഗോത്തൻബർഗ്: സ്വീഡന്റെ പരമോന്നത ബഹുമതിയായ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ, കമാൻഡർ ഗ്രാൻഡ് ക്രോസ്’ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. ഇന്ത്യ-സ്വീഡൻ ബന്ധം ശക്തിപ്പെടുത്തുന്നതിൽ നൽകിയ സംഭാവനകളും നേതൃപാടവവും പരിഗണിച്ചാണ് ബഹുമതി നൽകിയത്. സ്വീഡൻ സന്ദർശനത്തിനിടെയാണ് പ്രത്യേക ചടങ്ങിൽ സ്വീഡിഷ് കിരീടാവകാശി ക്രൗൺ പ്രിൻസസ് വിക്ടോറിയ മോദിക്ക് പുരസ്കാരം സമ്മാനിച്ചത്. സ്വീഡൻ പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റേഴ്സൺ ചടങ്ങിൽ പങ്കെടുത്തു.

1748-ൽ സ്ഥാപിതമായ ‘റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ’ സ്വീഡന്റെ താൽപര്യങ്ങൾക്കും പൊതുസേവന രംഗത്തിനും നൽകിയ സംഭാവനകൾ മാനിച്ച് നൽകുന്ന ബഹുമതിയാണ്. വിദേശ ഭരണത്തലവൻമാർക്ക് നൽകുന്ന രാജ്യത്തെ ഏറ്റവും ഉയർന്ന അംഗീകാരമാണിതെന്ന് സ്വീഡൻ സർക്കാർ വ്യക്തമാക്കി.

ബഹുമതി ഏറ്റുവാങ്ങിയ ശേഷം, ഇത് വ്യക്തിപരമായ അംഗീകാരമല്ലെന്നും 140 കോടി ഇന്ത്യൻ ജനതയ്ക്കും ഇന്ത്യ-സ്വീഡൻ സൗഹൃദത്തിനുമുള്ള ആദരവാണെന്നും മോദി പ്രതികരിച്ചു. ഇതോടെ വിദേശരാജ്യങ്ങളിൽ നിന്ന് നരേന്ദ്ര മോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര ബഹുമതികളുടെ എണ്ണം 31 ആയി.

Leave a Reply

Your email address will not be published. Required fields are marked *