പാറ്റ്‌ന: ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ കഴിഞ്ഞില്ലെങ്കിലും ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഏറ്റവും പ്രഭയോടെ തിളങ്ങുന്ന പേര് ജെഡിയുവിന്റെ അധ്യക്ഷന്‍ നിതീഷ് കുമാറിന്റേതു തന്നെയാണ്. ഇരുപതു വര്‍ഷമായി ബീഹാറിന്റെ ഭരണത്തിന്റെ അമരത്ത് നിതീഷ് മാത്രമാണുള്ളത്. എന്‍ഡിഎ എന്നു പറയാമെങ്കിലും ഭരണത്തിന്റെ മുഖം എന്നത് ബീഹാറില്‍ നിതീഷ് എന്ന രാഷ്ട്രീയ ചാണക്യന്റേതു തന്നെയാണ്. അതേ ക്യാപ്റ്റന്‍സിയില്‍ എന്‍ഡിഎ മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തിലും വലിയ വിജയത്തിലേക്കു കുതിക്കുമ്പോള്‍ നിതീഷിന് ഇതു ചാരിതാര്‍ഥ്യത്തിന്റെ നിമിഷം.
കേന്ദ്രത്തിലും സംസ്ഥാനത്തിലും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്നതായിരുന്നു എന്‍ഡിഎയുടെ ഏറ്റവും വലിയ പ്രചാരണ വിഷയം. ഇതിനു മുന്നില്‍ മറ്റെല്ലാ വാദങ്ങളും മറ്റെല്ലാ വിവാദങ്ങളും നിതീഷ് എന്ന ജനകീയ സൂര്യന്റെ ചൂടിനു മുന്നില്‍ മഞ്ഞുകട്ടയെന്ന വിധത്തില്‍ ഉരുകിപ്പോയി എന്നു നിസംശയം പറയാം. ഇലക്ഷന്‍ എന്‍ജിനിയറിങ്ങാണ് നിതീഷിന്റെ തുറുപ്പു ചീട്ട്. ഒരു തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് കളം തനിക്ക് അനുകൂലമായി തിരിക്കേണ്ടതെന്ന് ബീഹാര്‍ രാഷ്ട്രീയത്തിന്റെ ഈ കുലപതിക്കു നന്നായി അറിയാം. രണ്ടു പതിറ്റാണ്ടായിട്ടും നിതീഷിനു പിന്നില്‍ ഇബിസി അഥവാ എക്‌സ്ട്രീം ബ്‌ക്ക്വേഡ് ക്ലാസ് ഉറച്ചു നില്‍ക്കുകയാണ്. അക്ഷരാര്‍ഥത്തില്‍ ദരിദ്രനാരായണന്‍മാരുടെ നാടായ ബീഹാറില്‍ അതിദരിദ്രര്‍ എന്ന അതിശക്തമായ വോട്ട് ബാങ്കിനെ ജാതിയുടെ വേലിക്കെട്ടുകളില്‍ കുരുങ്ങിപ്പോകാതെ ഒന്നിച്ചു നിര്‍ത്താന്‍ നിതീഷ് എന്ന പ്രതിഭാസത്തിനു സാധിക്കുന്നു. ഇതിനൊപ്പം സ്ത്രീകളുടെ വോട്ടും ബിജെപിയുടെ ഉറപ്പായ ഹിന്ദുത്വ വോട്ട് ബാങ്കും കൂടി ചേര്‍ന്നതോടെ വിജയത്തിനു താരതമ്യങ്ങളില്ലാതെയാകുന്നു.
പ്രതിപക്ഷമായ മഹാസഖ്യം അധികാരത്തില്‍ വന്നാല്‍ ലാലുപ്രസാദ് യാദവിന്റെ കാലത്തെ ജംഗിള്‍ രാജായിരിക്കും മടങ്ങി വരികയെന്ന എന്‍ഡിഎ പ്രചാരണം കുറിക്കു കൊണ്ടു എന്നതില്‍ അശേഷം സംശയിക്കേണ്ട. തേജസ്വി യാദവാണ് ഇലക്ഷനു നേതൃത്വം നല്‍കുന്നതെങ്കിലും പിന്‍സീറ്റിലുണ്ടാകുക ബീഹാറികള്‍ മനസു കൊണ്ടു വെറുത്തു കഴിഞ്ഞ ലാലുപ്രസാദായിരിക്കുമെന്ന പ്രചാരണമായിരുന്നു ജംഗിള്‍ രാജ് എന്ന പ്രയോഗത്തിന്റെ ആധാരം. ജനം അതിനെ മുഖവിലയ്ക്കു തന്നെ എടുത്തുവെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു.
നിതീഷ് കുമാറിന്റെ ജനസമ്മതിയുടെ പരമാവധി പ്രയോജനം എടുക്കാന്‍ സാധിക്കുന്ന രീതിയിലായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം മുഴുവന്‍ രൂപപ്പെട്ടത്. ബിജെപിക്കാണെങ്കില്‍ സുശീല്‍ കുമാര്‍ മോദി പോലെ തലപ്പൊക്കമുള്ള മറ്റൊരു നേതാവ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലാത്ത സാഹചര്യമാണ്. അതുകൊണ്ട് നിതീഷിനെ അളവില്ലാതെ പ്രൊജക്ട്് ചെയ്ത് മുന്നില്‍ നിര്‍ത്തിയാലും നഷ്ടപ്പെടാന്‍ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

