നെടുമ്പാശ്ശേരി വാഹനാപകടം: മുഖ്യപ്രതി സുഹൈലിനായി കസ്റ്റഡി അപേക്ഷ നൽകി; ജാമ്യത്തിന് ശ്രമിച്ച് പ്രതികൾ, കേസ് അട്ടിമറിക്കാൻ നീക്കമെന്ന് കുടുംബം

നെടുമ്പാശ്ശേരി: അത്താണി എയർപോർട്ട് റോഡിൽ അമിതവേഗത്തിലെത്തിയ ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികരായ രണ്ട് യുവതികളും യുവാവും കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി സുഹൈൽ സജീവിനെ (19) കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് കോടതിയിൽ അപേക്ഷ നൽകി. രണ്ട് ദിവസത്തിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. കസ്റ്റഡിയിൽ ലഭിച്ചാലുടൻ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയും അപകടം നടന്ന സ്ഥലത്തും മദ്യപിച്ച ബാറുകളിലും എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്തുണ്ടായ അപകടത്തിൽ ദക്ഷിണ കന്നഡ സുള്ള്യ ജാൽസൂർ സുന്നമൂല സ്വദേശി ടി. ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് കരിമ്പ ഇടക്കുറുശ്ശി സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന സുഹൈലിനെ അപകടസ്ഥലത്തുനിന്ന് നാട്ടുകാർ പിടികൂടിയാണ് പോലീസിനെ ഏൽപ്പിച്ചത്. സുഹൈലിനെയും ഒപ്പമുണ്ടായിരുന്ന നിനവിനെയും ഞായറാഴ്ച രാത്രിയും അമീൻ, ജോയൽ എന്നിവരെ തിങ്കളാഴ്ചയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയിരുന്നു.

കുറ്റകരമായ നരഹത്യയ്ക്കാണ് മുഖ്യപ്രതി സുഹൈലിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. മദ്യലഹരിയിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് അറിവുണ്ടായിട്ടും അത് തടയാതിരിക്കുകയും കാർ വേഗത്തിൽ ഓടിക്കാൻ പ്രേരണയും പ്രോത്സാഹനവും നൽകുകയും ചെയ്തതിനാണ് കാറിലുണ്ടായിരുന്ന നിനവ്, അമീൻ, ജോയൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്. സുഹൈലും നിനവും കൊച്ചിയിലെ രണ്ട് ബാറുകളിൽനിന്ന് മദ്യപിച്ച ശേഷമാണ് നെടുമ്പാശ്ശേരിയിലെ ബാറിലെത്തി മറ്റ് രണ്ട് കൂട്ടുകാർക്കൊപ്പം മദ്യപിച്ചത്. തുടർന്ന് നാലുപേരും ചേർന്ന് സുഹൈലിന്റെ ആഡംബരക്കാറിൽ തിരികെ അത്താണിയിലേക്ക് വരുമ്പോഴായിരുന്നു അപകടം. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകിയെന്ന പരാതിയിൽ മൂന്ന് ബാറുകൾക്ക് ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. ഒന്നാം പ്രതിയായ സുഹൈൽ സാമ്പത്തികശേഷിയും സ്വാധീനവുമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സുഹൈൽ മദ്യപിച്ച ശേഷം വാഹനമോടിച്ചതിനാലാണ് അപകടമുണ്ടായതെന്നും പ്രതി മറ്റ് ലഹരിവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ് റിമാൻഡ് ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടിലുണ്ട്. ഇവർക്കൊപ്പം ഉണ്ടായിരുന്നവരും ലഹരി ഉപയോഗിച്ചിരുന്നോ എന്നും അപകടസമയത്ത് മറ്റേതെങ്കിലും വാഹനവുമായി മത്സരയോട്ടം നടത്തിയിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അപകട ദിവസം പുലർച്ചെ തന്നെ ശേഖരിച്ച പ്രതിയുടെ രക്തസാംപിളിന്റെ പരിശോധനാഫലം കാക്കനാട് ലബോറട്ടറിയിൽനിന്ന് അടുത്തദിവസം ലഭിക്കും. ഏതൊക്കെ ലഹരിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് സ്ഥിരീകരിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, കേസിൽ മോട്ടോർ വാഹനവകുപ്പും ശക്തമായി ഇടപെട്ടിട്ടുണ്ട്. സുഹൈലിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു. അമിതവേഗത്തിൽ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും അപകടസമയത്തെ വാഹനത്തിന്റെ കൃത്യമായ വേഗം തിരിച്ചറിയാൻ കാറിന്റെ ഇവന്റ് ഡേറ്റാ റെക്കോഡർ (ഇ.ഡി.ആർ.) പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനിടെ, കേസിൽ അറസ്റ്റിലായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവർ ജാമ്യത്തിനായി ശ്രമം തുടങ്ങി. നാലുപേർക്കും വേണ്ടി ചൊവ്വാഴ്ച അഭിഭാഷകർ അങ്കമാലി കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു. പോലീസിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കോടതി ജാമ്യാപേക്ഷ പരിഗണിക്കുക.

അതിനിടെ, പണവും സ്വാധീനവും ഉപയോഗിച്ച് പ്രതിയെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഗൂഢനീക്കം നടക്കുന്നതായി മരിച്ച ഗോപികയുടെയും ഇയ്യാസിന്റെയും കുടുംബങ്ങൾ ആരോപിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദേഹത്തിൽ വീണ്ടും തുന്നലഴിച്ച് രക്തസാമ്പിളുകൾ ശേഖരിച്ചതും മണിക്കൂറുകളോളം മൃതദേഹം വിട്ടുനൽകാതെ വൈകിപ്പിച്ചതും വലിയ സംശയങ്ങൾക്കിടയാക്കിയിട്ടുണ്ടെന്ന് ഗോപികയുടെ കുടുംബം കല്ലടിക്കോട് ഇടക്കുറുശ്ശിയിലെ വീട്ടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് ബാറുകളിൽനിന്ന് മദ്യപിച്ചതിന്റെ വ്യക്തമായ വിവരങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആറിൽ അത് രേഖപ്പെടുത്താതിരുന്നതും പ്രായപൂർത്തിയായിട്ടും പ്രതികളെ കാക്കനാട് ബോസ്റ്റൽ സ്‌കൂളിലേക്ക് മാറ്റിയതും സ്വാധീനമുള്ളതുകൊണ്ടാണെന്നും കുടുംബം ആരോപിച്ചു. പ്രതിഭാഗം പണം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സുള്ള്യ സുന്നമൂലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഇയ്യാസിന്റെ കുടുംബവും പ്രതികരിച്ചു. നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച മൂന്ന് കുടുംബങ്ങളും ഒരുമിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നിവേദനം നൽകും.

എന്നാൽ, എഫ്.ഐ.ആറുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ വിശദീകരണവുമായി റൂറൽ എസ്.പി. കെ.എസ്. സുദർശൻ രംഗത്തെത്തി. അപകടത്തിൽ മരിച്ചവരുടെ ബൈക്കിന് പിന്നാലെ രണ്ട് ഇരുചക്ര വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന നാല് സുഹൃത്തുക്കളുടെ മൊഴി പ്രകാരമാണ് അപകട ദിവസം പുലർച്ചെ തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. ആ സമയത്ത് പ്രതിയുടെ പേരോ പ്രതി മദ്യപിച്ചിരുന്നുവെന്ന വിവരമോ സുഹൃത്തുക്കൾക്ക് ഉറപ്പിക്കാൻ സാധിക്കാതിരുന്നതിനാലാണ് എഫ്.ഐ.ആറിൽ അത് രേഖപ്പെടുത്താതിരുന്നതെന്ന് എസ്.പി. വ്യക്തമാക്കി. തുടർന്ന് വൈദ്യപരിശോധനാ ഫലത്തിൽ പ്രതി മദ്യപിച്ചിരുന്നതായി തെളിഞ്ഞതോടെ കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പ്രതിയുടെ പേരും മദ്യപിച്ച വിവരവും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് മോട്ടോർ വാഹന നിയമപ്രകാരമുള്ള റിപ്പോർട്ടും കോടതിയിൽ നൽകിയിട്ടുണ്ട്. പ്രതികളെ എവിടേക്ക് റിമാൻഡ് ചെയ്യണമെന്ന് തീരുമാനിക്കുന്നത് മജിസ്‌ട്രേറ്റ് ആണെന്നും അതിൽ പോലീസിന് പങ്കില്ലെന്നും മരിച്ചവരുടെ ബന്ധുക്കളെ പോലീസ് നടപടികൾ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്നും എസ്.പി. കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *