നെതന്യാഹുവിന്റെ ഹസ്തദാനം നിരസിച്ചില്ല; വൈറൽ വിഡിയോയിലെ പ്രചാരണം തെറ്റെന്ന് സ്ഥിരീകരണം

ജറുസലേം: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഹസ്തദാനം ചെക്ക് റിപ്പബ്ലിക് പ്രധാനമന്ത്രി ആൻഡ്രെജ് ബാബിഷ് നിരസിച്ചെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയുടെ പിന്നിലെ വസ്തുത പുറത്ത്. ഇരുവരും തമ്മിലുള്ള സംയുക്ത വാർത്താസമ്മേളനത്തിന്റെ ഭാഗിക ദൃശ്യങ്ങൾ തെറ്റായ വ്യാഖ്യാനത്തോടെയാണ് പ്രചരിപ്പിച്ചതെന്ന് പൂർണ വിഡിയോ വ്യക്തമാക്കുന്നു.

നവംബർ 16ന് ജറുസലേമിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസംഗം പൂർത്തിയാക്കിയ നെതന്യാഹു ബാബിഷിന് ഹസ്തദാനം നൽകുന്നതിനായി കൈ നീട്ടി. എന്നാൽ ആ സമയത്ത് ബാബിഷ് പ്രസംഗം തുടരുകയായിരുന്നു. ചെക്ക് റിപ്പബ്ലിക്കിലെ സുരക്ഷിതമായ അന്തരീക്ഷം, നിക്ഷേപസാധ്യതകൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ അദ്ദേഹം നെതന്യാഹു നീട്ടിയ കൈ ശ്രദ്ധിച്ചില്ല. ഇതോടെ നെതന്യാഹുവിന് അൽപ്പനേരം കാത്തുനിൽക്കേണ്ടിവന്നു.

പ്രസംഗം പൂർത്തിയാക്കിയ ഉടൻ ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുന്നതും സൗഹൃദം പങ്കിടുന്നതും പൂർണ ദൃശ്യങ്ങളിലുണ്ട്. വാർത്താസമ്മേളനത്തിന്റെ തുടക്കത്തിലും ഇരുവരും ഹസ്തദാനം ചെയ്തിരുന്നു.

അതേസമയം, ബാബിഷ് നെതന്യാഹുവിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചെന്നും അതിന്റെ ഭാഗമായാണ് ഹസ്തദാനം നിരസിച്ചതെന്നും അവകാശപ്പെട്ട് ചില സമൂഹമാധ്യമ അക്കൗണ്ടുകൾ വിഡിയോ പ്രചരിപ്പിച്ചു. എന്നാൽ ഈ പ്രചാരണത്തിന് അടിസ്ഥാനമില്ല. വിഡിയോയിലെ യഥാർഥ ശബ്ദത്തിൽ ബാബിഷ് സംസാരിക്കുന്നത് ചെക്ക് റിപ്പബ്ലിക്കിന്റെ സുരക്ഷയെക്കുറിച്ചും നിക്ഷേപസാധ്യതകളെക്കുറിച്ചുമാണ്.

ചെക്ക് റിപ്പബ്ലിക്കും ഇസ്രയേലും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രതിരോധ, സുരക്ഷാ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുമായാണ് ബാബിഷ് ഇസ്രയേൽ സന്ദർശിച്ചത്. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സഹകരണവും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തെക്കുറിച്ച് ഇരുനേതാക്കളും വാർത്താസമ്മേളനത്തിൽ പരാമർശിക്കുകയും ചെയ്തു.

വസ്തുതാപരമായ പരിശോധന: ഹസ്തദാനം നിരസിച്ചെന്ന പ്രചാരണം തെറ്റാണ്. ബാബിഷ് പ്രസംഗം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും ഹസ്തദാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *