കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറുന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇനിമുതൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ ബി.വി. വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.
നിലവിൽ കണ്ണൂർ കളക്ടറേറ്റ് വളപ്പിലെ വിവിധ കെട്ടിടങ്ങളിലായാണ് കമ്മീഷണറേറ്റും അനുബന്ധ പോലീസ് ഓഫീസുകളും പ്രവർത്തിച്ചുപോരുന്നത്. പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ കളക്ടറേറ്റ് വളപ്പിൽ ചിതറിക്കിടക്കുന്ന പോലീസ് വകുപ്പിന്റെ എല്ലാ അനുബന്ധ ഓഫീസുകളും ഒരൊറ്റ കേന്ദ്രത്തിലേക്ക് മാറും. വിവിധ ഓഫീസുകളുടെ പ്രവർത്തനം ഇത്തരത്തിൽ ഒറ്റക്കുടക്കീഴിലാകുന്നതോടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

