ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ മലയോര മേഖലകളിൽ വൈകിട്ട് ഏഴ് മുതൽ രാവിലെ ആറ് വരെ രാത്രിയാത്രകൾ നിരോധിച്ചു. മുന്നറിയിപ്പുകൾ പിൻവലിക്കുന്നത് വരെ സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടാനും അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പഴയ മൂന്നാറിൽ നിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്. വാഹനങ്ങൾ സി.എസ്.ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ്പ് റോഡിൽ പ്രവേശിച്ച ശേഷം പോലീസ് സ്റ്റേഷന് സമീപമുള്ള പാലം കടന്നുവേണം ടൗണിൽ പ്രവേശിക്കാൻ.
ജില്ലയിൽ ഇടവിട്ട് മഴ തുടരുകയാണ്. അടിമാലി പഴമ്പിള്ളിച്ചാലിൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അഞ്ച് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പലയിടത്തും മരങ്ങൾ വീണു. അതേസമയം, അടിമാലി മേഖലയിൽ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. നേര്യമംഗലം–വാളറ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

