ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ സ്വകാര്യ വിമാനം ജനവാസമേഖലയിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും മരിച്ചു. ഞായറാഴ്ച ഉച്ചയോടെ പാം ബീച്ച് കൗണ്ടിയിലെ ഗ്രീൻഏക്കേഴ്സിനു സമീപമാണ് അപകടം. തകർന്നുവീണ വിമാനം തീപിടിച്ച് വൻ തീഗോളമായി മാറി.
ലീയർജെറ്റ് 60 (Learjet 60) വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടെക്സസിലെ ഓസ്റ്റിൻ-ബെർഗ്സ്ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ബഹാമസിലെ നോർത്ത് എല്യൂതെറ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. ഉച്ചയ്ക്ക് 12.50ഓടെയാണ് അപകടമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.
വിമാനം ജനവാസമേഖലയിലേക്ക് അതിവേഗം താഴ്ന്നുവന്ന് റോഡിനരികിൽ പതിക്കുകയായിരുന്നു. അപകടത്തെത്തുടർന്ന് വലിയ തീപിടിത്തവും സ്ഫോടനവും ഉണ്ടായി. വിമാനാവശിഷ്ടങ്ങൾ റോഡിൽ ചിതറുകയും സമീപപ്രദേശത്ത് കനത്ത പുക ഉയരുകയും ചെയ്തു. അപകടസ്ഥലത്തിന് സമീപത്തായി വീടുകളും വാഹനങ്ങളുമുണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ഒൻപത് പേരും മരിച്ചതായി യുഎസ് ഗതാഗത സെക്രട്ടറി സീൻ ഡഫി സ്ഥിരീകരിച്ചു. അപകടത്തിൽ ഭൂമിയിലുണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന കാര്യത്തിൽ പ്രാഥമിക റിപ്പോർട്ടുകളിൽ വ്യക്തതയില്ല. എന്നാൽ, അപകടസ്ഥലത്ത് ഭൂമിയിലുള്ളവർക്ക് പരിക്കോ മരണമോ ഉണ്ടായതായി ഉടൻ റിപ്പോർട്ടുകളില്ലെന്ന് ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് അറിയിച്ചു.
അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിൽ ഐസ് രൂപപ്പെടുന്നതും ശക്തമായ കാറ്റും കാലാവസ്ഥാ വ്യതിയാനങ്ങളും ഉണ്ടായതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. വിമാനം ഉയരാൻ അനുമതി തേടിയതിന് പിന്നാലെ അതിവേഗത്തിൽ താഴേക്ക് പതിക്കുകയായിരുന്നു. പൈലറ്റ് അടിയന്തര സന്ദേശവും നൽകിയിരുന്നു.
എന്നാൽ, പ്രതികൂല കാലാവസ്ഥയാണോ അപകടത്തിന് കാരണമായതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും (എഫ്എഎ) നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അന്വേഷണം ആരംഭിച്ചു.
അപകടത്തെത്തുടർന്ന് മിലിറ്ററി ട്രെയിൽ റോഡിൽ ഗതാഗതം തടഞ്ഞു. സമീപത്തെ മൊബൈൽ ഹോം സമൂഹത്തിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികളും അധികൃതർ സ്വീകരിച്ചു. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

