ഓസ്ലോ: ഉക്രെയ്നിലെയും മിഡിൽ ഈസ്റ്റിലെയും യുദ്ധങ്ങൾ സൃഷ്ടിച്ച ഊർജ്ജ പ്രതിസന്ധി മറികടക്കാൻ എണ്ണ, വാതക ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള നീക്കവുമായി നോർവേ. പരിസ്ഥിതി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലും, തങ്ങളുടെ ഭൂഖണ്ഡാന്തര ഷെൽഫിലെ (Continental Shelf) പ്രവർത്തനങ്ങൾ അവസാനിപ്പിക്കില്ലെന്നും മറിച്ച് വികസിപ്പിക്കുമെന്നും നോർവേ ഊർജ്ജ മന്ത്രി ടെർജെ ആസ്‌ലാൻഡ് വ്യക്തമാക്കി.
ഏകദേശം മൂന്ന് പതിറ്റാണ്ട് മുമ്പ് അടച്ചുപൂട്ടിയ തെക്കൻ തീരത്തെ മൂന്ന് ഗ്യാസ് ഫീൽഡുകൾ (Albuskjell, Vest Ekofisk, Tommeliten Gamma) 2028-ഓടെ വീണ്ടും പ്രവർത്തനക്ഷമമാക്കാനാണ് നോർവേയുടെ തീരുമാനം. ഇത് 2025-ലെ ഉൽപ്പാദന നിലവാരം ഈ ദശകത്തിന്റെ അവസാനം വരെ നിലനിർത്താൻ സഹായിക്കും. നിലവിൽ നോർവേയ്ക്ക് 97 സജീവ എണ്ണപ്പാടങ്ങളുണ്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത് 100 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യൂറോപ്പിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ നോർവേയ്ക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി ആസ്‌ലാൻഡ് പറഞ്ഞു. ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് നോർവീജിയൻ എണ്ണയും വാതകവും എങ്ങനെ ഒഴിവാക്കാം എന്ന് ചിന്തിച്ചിരുന്ന യൂറോപ്യൻ രാജ്യങ്ങൾ ഇപ്പോൾ കൂടുതൽ ഇന്ധനം ആവശ്യപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനം 20 ലക്ഷം ബാരൽ എണ്ണയാണ് നോർവേ നിലവിൽ ഉൽപ്പാദിപ്പിക്കുന്നത്.
സർക്കാരിന്റെ ഈ നീക്കത്തിനെതിരെ കടുത്ത വിമർശനവുമായി സോഷ്യലിസ്റ്റ് ലെഫ്റ്റ് പാർട്ടി രംഗത്തെത്തി. സ്വന്തം പരിസ്ഥിതി ഏജൻസിയുടെ ഉപദേശങ്ങൾ പോലും അവഗണിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇത് വെറും ‘ഗ്രീൻവാഷിംഗ്’ (പരിസ്ഥിതി സൗഹൃദമെന്ന് നടിക്കൽ) മാത്രമാണെന്നും പാർട്ടി ആരോപിച്ചു. പരിസ്ഥിതി ലോല പ്രദേശങ്ങൾ അപകടത്തിലാക്കുന്ന നടപടിയാണിതെന്ന് പാർട്ടി വക്താവ് ലാർസ് ഹാൾട്ട്ബ്രെക്കൻ പറഞ്ഞു.
നോർവീജിയൻ സർക്കാർ 67 ശതമാനം ഓഹരിയുള്ള ‘ഇക്വിനോർ’ (Equinor) കമ്പനി, ഉൽപ്പാദന നിലവാരം നിലനിർത്തുന്നതിനായി 2035 വരെ പ്രതിവർഷം 600 കോടി ഡോളർ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. പുതിയ പൈപ്പ്‌ലൈനുകളും കൂടുതൽ ഡ്രില്ലിംഗും വഴി ഉൽപ്പാദനം കുറയാതെ നോക്കാനാണ് കമ്പനിയുടെ നീക്കം. ഈ വർഷം മാത്രം ലാഭവിഹിതമായി ഏകദേശം 200 കോടി പൗണ്ട് സർക്കാരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.യൂറോപ്പിന്റെ വിശ്വസ്തനായ ഇന്ധന വിതരണക്കാരനായി തുടരുമെന്നും പര്യവേഷണങ്ങൾ ഊർജ്ജിതമാക്കുമെന്നും നോർവേ ആവർത്തിച്ചു വ്യക്തമാക്കി

