എൻ.എസ്.എസ് ദേശീയ ദിനാചരണം; ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു

പത്തനംതിട്ട: നാഷണൽ സർവീസ് സ്കീമും നഷാ മുക്ത് ഭാരത് അഭിയാനും സംയുക്തമായി സംഘടിപ്പിച്ച എൻ.എസ്.എസ് ദേശീയ ദിനാചരണ പരിപാടികൾ കാത്തലിക്കേറ്റ് കോളജിൽ വെച്ച് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു. ലഹരിവസ്തുക്കളുടെ ഉപയോഗവും ദുരുപയോഗവും തടയുന്നതിനായി കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാന്റെ 2026-27 വർഷത്തെ ജില്ലാതല പ്രചാരണത്തിന്റെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി അധ്യക്ഷത വഹിച്ചു.

പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സിന്ധു അനിൽ, വാർഡ് കൗൺസിലർ ആശ മോഹനരാജ്, എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഡോ. ജി. രാജശ്രീ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജെ. ഷംല ബീഗം, കാത്തലിക്കേറ്റ് കോളജ് പ്രിൻസിപ്പാൾ ഡോ. റെനി പി. വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ എം.ജി സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങളായ പി.കെ. മോഹനരാജ്, ഡോ. അനിത പ്രകാശ്, സെനറ്റ് അംഗം ഡോ. എസ്. സജിത ബാബു, വി.എച്ച്.എസ്.സി-എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ ഷൈനി ജോസഫ്, എച്ച്.എസ്.എസ്-എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ എ. അരുൺ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അഫ്‌സൽ ആനപ്പാറ എന്നിവരും പങ്കെടുത്തു.

ദിനാചരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഫ്ലാഷ് മോബ്, ലഘുനാടകം (സ്കിറ്റ്), തുഫാൻ കമാന്റോസിന്റെ മെഗാ വാക്കത്തോൺ തുടങ്ങിയവ അരങ്ങേറി. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും കലാലയങ്ങളിൽ നിന്നുമുള്ള എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരും വോളണ്ടിയർമാരുമടക്കം രണ്ടായിരത്തിയഞ്ഞൂറോളം പേർ ചടങ്ങുകളിൽ അണിനിരന്നു.

Leave a Reply

Your email address will not be published. Required fields are marked *