കൊച്ചി: പ്രവാസികൾക്ക് വിമാനയാത്രയ്ക്കിടെ ഓണമുണ്ണാൻ അവസരമൊരുക്കി എയർ ഇന്ത്യ എക്സ്പ്രസ്. ശനിയാഴ്ച മുതൽ ഈ മാസം അവസാനം വരെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ യാത്രക്കാർക്ക് ഓണസദ്യ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും മൊബൈൽ ആപ്പിലും ഇതിനായുള്ള ബുക്കിംഗ് സൗകര്യം ലഭ്യമാണ്.
കസവുകരയുടെ ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് വിഭവസമൃദ്ധമായ ഓണസദ്യ യാത്രക്കാർക്ക് വിളമ്പുക. 500 രൂപയാണ് സദ്യയുടെ വില. ഓണസദ്യയുടെ ഔദ്യോഗിക ലോഞ്ചിങ് ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ചടങ്ങിൽ എയർ ഇന്ത്യ മാർക്കറ്റിംഗ്, ഇ-കൊമേഴ്സ്, ലോയൽറ്റി വിഭാഗം മേധാവി സുനിൽ സുരേഷും സന്നിഹിതനായിരുന്നു.

