തിരുവനന്തപുരം: ഓണം വാരാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെയും സമാപന ഘോഷയാത്രയിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്കാരങ്ങളും വിതരണം ചെയ്തു. തൈക്കാട് ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ വിനോദസഞ്ചാര-സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനദാനം നിർവഹിച്ചു.
വിവിധ സർക്കാർ വകുപ്പുകൾ, സമിതികൾ, മാധ്യമങ്ങൾ, പൊതുജനങ്ങൾ എന്നിവരുടെ പൂർണ സഹകരണത്തോടെ ഇത്തവണത്തെ ആഘോഷം വൻ വിജയമാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. അടുത്ത വർഷത്തെ ഓണാഘോഷത്തിനായുള്ള തയാറെടുപ്പുകൾ ഈ മാസം മുതൽ തന്നെ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം ഡയറക്ടർ അഞ്ജന എം., അഡിഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഘോഷയാത്രയിലെ ഫ്ളോട്ട് മത്സരങ്ങളിൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഐ.എസ്.ആർ.ഒ ഒന്നാം സ്ഥാനവും ദക്ഷിണ റെയിൽവേ രണ്ടാം സ്ഥാനവും നേടി. സംസ്ഥാന സർക്കാർ വകുപ്പുകളുടെ വിഭാഗത്തിൽ കേരള വനം വന്യജീവി വകുപ്പ് ഒന്നാം സ്ഥാനവും എക്സൈസ് വകുപ്പ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സർക്കാർ ഇതര/പൊതുമേഖലാ സ്ഥാപനങ്ങളിൽ കേരള ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡിനാണ് ഒന്നാം സ്ഥാനം. നാഷണൽ ആയുഷ് മിഷനും കെ.ടി.ഡി.സിയും രണ്ടാം സ്ഥാനം പങ്കിട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ ഒന്നാം സ്ഥാനവും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. ബാങ്കിംഗ് മേഖലയിൽ മികച്ച അവതരണത്തിന് നബാർഡിനും സ്വകാര്യ മേഖലയിൽ പ്രോത്സാഹന സമ്മാനത്തിന് കൃപാലയ ഹോം ഫോർ ദി എൽഡർലിക്കും മന്ത്രി ഉപഹാരം നൽകി.
കലാരൂപങ്ങളുടെ മത്സരങ്ങളിൽ ദൃശ്യവിഭാഗത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘം ഒന്നാം സ്ഥാനവും അറബനമുട്ട് ടീം രണ്ടാം സ്ഥാനവും സ്വന്തമാക്കി. ശ്രവ്യകലാരൂപങ്ങളിൽ പഞ്ചാരിമേളത്തിൽ വിഘ്നേഷിനും ശിങ്കാരിമേളത്തിൽ കൗരവ കലാസമിതിക്കും പുരസ്കാരം ലഭിച്ചു. തിരുവാതിരക്കളി മത്സരത്തിൽ ഉദിന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനവും ഉള്ളൂർ മഹാദേവ തിരുവാതിര ഗ്രൂപ്പ് രണ്ടാം സ്ഥാനവും ശ്രീ ദുർഗ്ഗ മൂന്നാം സ്ഥാനവും നേടി ക്യാഷ് പ്രൈസിന് അർഹരായി.
അത്തപ്പൂക്കള മത്സരത്തിൽ മാധ്യമ വിഭാഗത്തിൽ പയനിയർ ഡെയ്ലി, തനിനിറം ഡെയ്ലി, ജന്മഭൂമി എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ജനറൽ വിഭാഗത്തിൽ ദീപാങ്കർ വി., ഷൈജു ആന്റണി, സനൽ കുമാർ സി.എസ്. എന്നിവർ യഥാക്രമം വിജയികളായി. ഇരുപതിനായിരം രൂപ, പതിനയ്യായിരം രൂപ, പതിനായിരം രൂപ എന്നിങ്ങനെയാണ് തിരുവാതിരക്കളി, അത്തപ്പൂക്കള മത്സര വിജയികൾക്ക് നൽകിയ സമ്മാനത്തുക.
മികച്ച ദീപാലങ്കാരത്തിന് സർക്കാർ മേഖലയിൽ നിയമസഭാ സമുച്ചയം ഒന്നാം സ്ഥാനവും തിരുവനന്തപുരം കോർപ്പറേഷൻ രണ്ടാം സ്ഥാനവും നേടി. പൊതുമേഖലയിൽ കെൽട്രോൺ, ജലഭവൻ എന്നിവരും സ്വകാര്യ മേഖലയിൽ കല്യാൺ സിൽക്സ്, അന്നഭവൻ റെസ്റ്റോറന്റ് എന്നിവരും ഉപഹാരങ്ങൾക്ക് അർഹരായി. പതാക ഘോഷയാത്ര സ്വീകരണത്തിന് ചിറയിൻകീഴ് നിയോജകമണ്ഡലം ഒന്നാം സ്ഥാനവും നേമം നിയോജകമണ്ഡലം രണ്ടാം സ്ഥാനവും നേടി. ഘോഷയാത്ര സ്വീകരണത്തിലും പൂക്കള മത്സരത്തിലും മികവ് പുലർത്തിയ വാമനപുരം മണ്ഡലത്തിലെ കല്ലറ ഗ്രാമപഞ്ചായത്തിനെയും ചടങ്ങിൽ ആദരിച്ചു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഏർപ്പെടുത്തിയ ഓണം മാധ്യമ പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. അച്ചടി മാധ്യമ വിഭാഗത്തിൽ ‘മാധ്യമം’ ദിനപത്രത്തിലെ എ. സക്കീർ ഹുസൈൻ (മികച്ച റിപ്പോർട്ടർ), ‘മാതൃഭൂമി’യിലെ എസ്. ശ്രീകേഷ് (മികച്ച ഫോട്ടോഗ്രാഫർ) എന്നിവരും, ദൃശ്യമാധ്യമ വിഭാഗത്തിൽ ‘മനോരമ ന്യൂസി’ലെ വി. വിജയലക്ഷ്മി (മികച്ച റിപ്പോർട്ടർ), മനോരമ ന്യൂസിലെ തന്നെ സജിത് എസ്. ജെ (മികച്ച വീഡിയോഗ്രാഫർ) എന്നിവരും മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മൂവായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

