ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതിക്ക് സെപ്റ്റംബർ 28ന് മുഖ്യമന്ത്രി സ. ജോസഫ് വിജയ് ഔദ്യോഗികമായി തുടക്കം കുറിക്കും. സെപ്റ്റംബർ 18ന് ചേർന്ന അവലോകന യോഗത്തിന് പിന്നാലെയാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.
പദ്ധതിയുടെ ആനുകൂല്യം 2026 ജൂൺ 22 മുതൽ മുൻകാല പ്രാബല്യത്തോടെ ലഭ്യമാക്കാനാണ് തീരുമാനം. അതായത് ജൂൺ 22 മുതൽ പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്ന ദിവസം വരെയുള്ള കാലയളവിൽ സർക്കാർ ആശുപത്രികളിൽ ജനിച്ച അർഹരായ കുഞ്ഞുങ്ങൾക്കും സ്വർണമോതിരം ലഭിക്കും. സെപ്റ്റംബർ 28 മുതൽ ഇതിനായുള്ള വിതരണം ആരംഭിക്കും.
ഓരോ കുഞ്ഞിനും ഒരു ഗ്രാം തൂക്കമുള്ള സ്വർണമോതിരമാണ് നൽകുക. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പറും ടാംപർ പ്രൂഫ് പാക്കേജിങ്ങും ഉണ്ടായിരിക്കും. ആദ്യഘട്ട വിതരണത്തിനായി 1.28 ലക്ഷം മോതിരങ്ങൾ സർക്കാർ സംഭരിച്ചിട്ടുണ്ട്. പദ്ധതി ആരംഭിച്ചതിന് ശേഷം സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾക്ക് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ മോതിരം നൽകാനാണ് ക്രമീകരണം.
തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാർക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗർഭിണിയുടെയും കുഞ്ഞിന്റെയും വിവരങ്ങൾ PICME സംവിധാനത്തിൽ രജിസ്റ്റർ ചെയ്തതും RCH തിരിച്ചറിയൽ നമ്പർ ലഭിച്ചതും ആവശ്യമാണ്. സർക്കാർ ആശുപത്രിയിലെ പ്രസവം പദ്ധതിയുടെ പ്രധാന അർഹതാ വ്യവസ്ഥയാണ്.
തമിഴ് സംസ്കാരത്തിലെ ‘തായ്മാമൻ സീർ’ എന്ന പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്നതും സർക്കാർ ആശുപത്രികളിലെ പ്രസവങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ക്ഷേമപദ്ധതിയായാണ് തമിഴ്നാട് സർക്കാർ പദ്ധതിയെ അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിക്കായി ഒരു വർഷത്തേക്ക് ഏകദേശം ₹755.83 കോടി ബജറ്റ് വകയിരുത്തിയതായി റിപ്പോർട്ടുകളുണ്ട്. വർഷത്തിൽ ഏകദേശം 4.41 ലക്ഷം ഒരു ഗ്രാം വീതമുള്ള സ്വർണമോതിരങ്ങൾ വിതരണം ചെയ്യുന്നതിനുള്ളതാണ് ഈ വിഹിതം.
പദ്ധതിയുടെ ഔദ്യോഗിക തുടക്കവുമായി ബന്ധപ്പെട്ട് നേരത്തെ തീയതിയിൽ മാറ്റമുണ്ടായിരുന്നു. സെപ്റ്റംബർ 15ന് ആരംഭിക്കുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തെ തുടർന്ന് ഉദ്ഘാടനം മാറ്റിവെച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ 28ന് പദ്ധതി ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.

