മെൽബൺ: പരിസ്ഥിതി സംരക്ഷണത്തിൽ ജനകീയ കൂട്ടായ്മയുടെ കരുത്ത് തെളിയിച്ച് ഓസ്ട്രേലിയയിലെ വിക്ടോറിയൻ തീരത്ത് വിപുലമായ ശുചീകരണ യജ്ഞം. വിക്ടോറിയയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശമായ ഡിസ്കവറി ബേ ബീച്ചിൽ സംഘടിപ്പിച്ച ആറാമത് വാർഷിക ‘ബീച്ച് പട്രോൾ 3280’ ശുചീകരണ പരിപാടിയിലൂടെ ഇരുനൂറ് കിലോഗ്രാമിലധികം പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നീക്കം ചെയ്തത്.
മുപ്പതിലധികം സന്നദ്ധപ്രവർത്തകർ ചേർന്നാണ് തീരം വൃത്തിയാക്കാനിറങ്ങിയത്. വിക്ടോറിയൻ ഫിഷറീസ് അതോറിറ്റി (വി.എഫ്.എ), പാർക്ക്സ് വിക്ടോറിയ, ഗ്ലെനെൽഗ് ഹോപ്കിൻസ് സി.എം.എ എന്നീ ഔദ്യോഗിക ഏജൻസികളുടെ പ്രതിനിധികളും സന്നദ്ധപ്രവർത്തകർക്കൊപ്പം പങ്കാളികളായി.
മറൈൻ നാഷണൽ പാർക്കിന്റെ ഭാഗവും റാംസർ പട്ടികയിൽ ഉൾപ്പെട്ടതുമായ തണ്ണീർത്തട മേഖലയാണ് ഡിസ്കവറി ബേ. ദേശാടനക്കിളികൾക്കും കടൽജീവികൾക്കും സുരക്ഷിതമായ ആവാസവ്യവസ്ഥയൊരുക്കുന്ന അതീവ പരിസ്ഥിതി പ്രാധാന്യമുള്ള തീരപ്രദേശമാണിത്. വിക്ടോറിയയുടെ സവിശേഷമായ തീരദേശ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിൽ സമൂഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന മികച്ചൊരു മാതൃകയാണ് ഈ ഉദ്യമമെന്ന് വിക്ടോറിയൻ ഫിഷറീസ് അതോറിറ്റി വ്യക്തമാക്കി. തീരം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങി തങ്ങളുടെ വിലപ്പെട്ട സമയം ചെലവഴിച്ച മുഴുവൻ സന്നദ്ധപ്രവർത്തകർക്കും അധികൃതർ നന്ദി അറിയിച്ചു.

