ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ പുകയുന്ന കൈകൊടുക്കല്‍ വിവാദത്തെ മറ്റൊരു തലത്തിലേക്കെത്തിക്കാന്‍ മാച്ച് റഫറിക്കെതിരേ പാക്കിസ്ഥാന് ടീം മാനേജര്‍ നല്കിയ പരാതി ഐസിസി തള്ളി. ഹസ്തദാന വിഷയത്തില്‍ റഫറി ആന്‍ഡി പൈക്രോഫ്റ്റിന്റെ ഇടപെടലാണ് പ്രശ്നമായതെന്നും ഇങ്ങനെയൊരാള്‍ മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ യോഗ്യനല്ലെന്നുമാണ് പാക്കിസ്ഥാന് നല്കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റഫറിക്കെതിരേ നടപടിക്കു തയാറല്ലെന്ന് ഐസിസിയുടെ മറുപടി ഇന്നലെ പാക്കിസ്ഥാനു ലഭിച്ചു.
ഇന്ത്യ-പാക് മത്സരത്തില്‍ ഹസ്തദാന പ്രശ്നം രണ്ടു തവണയാണ് ഉണ്ടായത്. കളി ഏഴു വിക്കറ്റിന് ഇന്ത്യ ജയിച്ചു കഴിഞ്ഞ ശേഷം ഇന്ത്യന്‍ ടീം ഗ്രൗണ്ട് വിട്ടത് പാക്കിസ്ഥാന് താരങ്ങള്‍ക്കു ഹസ്തദാനം നല്‍കാതെയാണ്. സാധാരണയായി കളിയില്‍ പാലിക്കുന്ന മര്യാദകള്‍ക്കു വിരുദ്ധമായ നടപടിയാണിതെന്ന വിമര്‍ശനവും പരക്കെ ഉയര്‍ന്നിരുന്നു. ഇതിനു പിന്നില്‍ മാച്ച് റഫറി പൈക്രോഫ്ടിന്റെ ഇടപെടലാണെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. ഇതിനു കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് സമാനമായി തങ്ങള്‍ക്കുണ്ടായ അനുഭവമാണെന്നു മാത്രം. ടോസ് നേടിക്കഴിയുമ്പോഴും ഇരു ടീമിന്റെയും ക്യാപ്റ്റന്മാര് തങ്ങളില്‍ ഹസ്തദാനം നല്കുന്ന പതിവു പണ്ടേയുള്ളതാണ്. എന്നാല്‍ ഇങ്ങനെ ഹസ്തദാനം നല്‍കേണ്ടെന്ന് തങ്ങളുടെ ടീമിനോട് റഫറി നിര്‍ദേശിച്ചിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. അതിനാല്‍ പൈക്രോഫ്റ്റിനെ റഫറി സ്ഥാനത്തു നിന്നു മാറ്റിയില്ലെങ്കില്‍ തങ്ങള്‍ തുടര്‍ന്നുള്ള മത്സരങ്ങള്‍ ബഹിഷ്കരിക്കുമെന്നും പാക്കിസ്ഥാന് ഭീഷണി മുഴക്കിയിരുന്നു.
എന്നാല്‍ ആ ഭീഷണി കൈയില്‍ വച്ചാല്‍ മതിയെന്ന നിലപാടിലേക്ക് ഐസിസി എത്തുകയായിരുന്നു. ഈ പരാതി തള്ളുന്നതായി പാക് മാനേജരെ അറിയിച്ചുവെന്നു മാത്രമല്ല, ഗ്രൂപ്പ് ലെവലിലുള്ള അവസാന മത്സരം നടക്കുന്ന നാളെ യുഎഇയുമായുള്ള പാക്കിസ്ഥാന്റെ മത്സരം നിയന്ത്രിക്കുന്നതു ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആന്‍ഡി പൈക്രോഫ്റ്റ് തന്നെയായിരിക്കുമെന്നു തീരുമാനിക്കുകയും ചെയ്തു. പാക്കിസ്ഥാന് അങ്ങേയറ്റത്തെ മാനക്കേടായി മാറുന്ന തീരുമാനമായി ഇത്.
അതേ സമയം യുഎഇക്കെതിരായ അടുത്ത മത്സരം പാക്കിസ്ഥാന് ബഹിഷ്കരിച്ചാല്‍ ഇന്ത്യയ്ക്കൊപ്പം യുഎഇയും സൂപ്പര്‍ ഫോറിലേക്ക് പ്രവേശിക്കും. എന്നാല്‍ ഈ മത്സരം പാക്കിസ്ഥാന് ജയിച്ചാല്‍ അവര്‍ക്കും സൂപ്പര്‍ ഫോറിലേക്കു കടക്കാനാവും.
കൈകൊടുക്കല്‍ വിവാദം, റഫറിക്കെതിരായ പരാതിയിലും നാണംകെട്ട് പാക്കിസ്ഥാന്

