ഇസ്ലാമാബാദ്: 2027-ൽ പാകിസ്താനിൽ നടക്കുന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔപചാരിക ക്ഷണം നൽകുമെന്ന് പാകിസ്താൻ അറിയിച്ചു. എസ്.സി.ഒ. അംഗരാജ്യങ്ങളുടെ എല്ലാ രാഷ്ട്രത്തലവൻമാർക്കും ഭരണത്തലവൻമാർക്കും ക്ഷണം നൽകുന്നത് ആതിഥേയരാജ്യത്തിന്റെ ചുമതലയാണെന്നും പാകിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.
2027-ലെ എസ്.സി.ഒ. ഉച്ചകോടിക്ക് പാകിസ്താനാണ് ആതിഥേയത്വം വഹിക്കുന്നത്. അതിനാൽ സംഘടനയുടെ നടപടിക്രമങ്ങൾ അനുസരിച്ച് ഇന്ത്യയുൾപ്പെടെയുള്ള എല്ലാ അംഗരാജ്യങ്ങൾക്കും ക്ഷണം നൽകുമെന്നും പാകിസ്താൻ അറിയിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കുമോയെന്ന കാര്യത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.
അതേസമയം, 2026-ലെ എസ്.സി.ഒ. ഉച്ചകോടി കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ നടക്കും. ഇന്ത്യയുടെ ബഹുരാഷ്ട്ര നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി പ്രധാനമന്ത്രി മോദി ആ ഉച്ചകോടിയിലും പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

