സാധാരണക്കാർക്ക് വലിയ ആശ്വാസം; രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ കുറയും, ഇരുപതാം തീയതിക്ക് മുൻപ് നിർണായക പ്രഖ്യാപനങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസം പകർന്നുകൊണ്ട് പെട്രോൾ, ഡീസൽ വില ഉടൻ കുറഞ്ഞേക്കുമെന്ന് സൂചന. ഈ മാസം ഇരുപതാം തീയതിക്ക് മുമ്പായി പൊതുമേഖലാ എണ്ണക്കമ്പനികൾ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർണ്ണായക പ്രഖ്യാപനം നടത്തിയേക്കും. വരാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് തൊട്ടുമുമ്പ് തന്നെ ജനങ്ങൾക്ക് അനുകൂലമായ ഈ തീരുമാനം ഉണ്ടാകാനാണ് സാധ്യത കൽപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ഏഷ്യൻ വിപണിക്കായി സൗദി അറേബ്യ ക്രൂഡ് ഓയിൽ വിലയിൽ വലിയ കുറവ് വരുത്തിയതുമാണ് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ വഴിതുറക്കുന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയർന്നപ്പോഴാണ് രാജ്യത്തും ഇന്ധനവില വർദ്ധിപ്പിച്ചത്. ഏകദേശം എട്ട് രൂപയോളമാണ് അന്ന് രാജ്യത്ത് വില വർദ്ധിച്ചത്. എന്നാൽ പിന്നീട് അന്താരാഷ്ട്ര വിപണിയിൽ വലിയ മാറ്റങ്ങളുണ്ടായി. മുൻപ് ബാരലിന് 120 ഡോളർ വരെ ഉയർന്നിരുന്ന ക്രൂഡ് ഓയിൽ വില പിന്നീട് 110 ഡോളറായും, നിലവിൽ അത് ഏകദേശം 70 ഡോളറായും താണിരിക്കുകയാണ്. ഇതിലും കുറഞ്ഞ നിരക്കിൽ ഇന്ത്യക്ക് എണ്ണ ലഭ്യമാക്കാനുള്ള പ്രത്യേക കരാറുകളും നിലവിലുണ്ട്. അന്താരാഷ്ട്ര തലത്തിൽ ഇത്രയും വലിയ വിലക്കുറവുണ്ടായിട്ടും ഇന്ത്യയിൽ ഉയർന്ന നിരക്കിൽത്തന്നെ ഇന്ധന വിൽപ്പന തുടരുന്നതിനാൽ എണ്ണക്കമ്പനികളുടെ മുൻകാല നഷ്ടം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

നേരത്തെ എഴുപത്തയ്യായിരം കോടി രൂപയായിരുന്ന കമ്പനികളുടെ മൊത്തം നഷ്ടം ഇപ്പോൾ അമ്പതിനായിരം കോടിയായി ചുരുങ്ങി എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. നിലവിലെ ഈ അനുകൂല സാഹചര്യം ഒരു പത്ത് ദിവസമെങ്കിലും തുടർന്നുപോയാൽ കമ്പനികൾക്ക് തങ്ങളുടെ മുൻകാല നഷ്ടം പൂർണ്ണമായും നികത്താൻ കഴിയും. ഇതിന് ശേഷമായിരിക്കും സാധാരണക്കാർക്ക് ആശ്വാസമേകുന്ന വിലക്കുറവ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരിക.

Leave a Reply

Your email address will not be published. Required fields are marked *