തിരുവനന്തപുരം: തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തോടനുബന്ധിച്ചുള്ള നിയന്ത്രണത്തിൽ തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അറിയിച്ചു. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും താൽക്കാലിക റെഡ് സോണായി തുടരും.
ശംഖുംമുഖം – എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ കാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിഐപി റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തും. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും.

