ന്യൂഡൽഹി:പിഎം-ശ്രീ (PM SHRI) പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ ഉന്നയിച്ച പ്രധാന വാദങ്ങൾ കേന്ദ്ര സർക്കാർ രാജ്യസഭയിൽ തള്ളി. സംസ്ഥാനങ്ങൾക്ക് പദ്ധതിയിൽ ചേരുകയോ പിന്നീട് പിന്മാറുകയോ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും ധാരണാപത്രം (MoU) ഒപ്പുവെച്ചതുകൊണ്ട് പദ്ധതി നടപ്പാക്കാൻ നിർബന്ധിതരാകില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി.
കേരളത്തിലെ സർക്കാർ സ്കൂളുകളിൽ പിഎം-ശ്രീ പദ്ധതി ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും പദ്ധതിയുടെ ഭാഗമായി ഒരു രൂപ പോലും സംസ്ഥാനത്തിന് അനുവദിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു. കേരളത്തിന് ലഭിച്ച 99.27 കോടി രൂപ പിഎം-ശ്രീ പദ്ധതിയുടേതല്ല; സമഗ്ര ശിക്ഷ പദ്ധതിയിലൂടെ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (RTE) ഭാഗമായി അനുവദിച്ച തുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.
പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കുന്ന നടപടികളിൽ കേരളം പങ്കെടുത്തിട്ടില്ലെന്നും കേന്ദ്രം അറിയിച്ചു. ഇതോടെ, പിഎം-ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും ഇതിനകം പദ്ധതിയുടെ ഫണ്ട് സ്വീകരിച്ചിട്ടുണ്ടെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

