അഡലെയ്ഡ്: സൗത്ത് അഡലെയ്ഡിലെ സീഫോർഡിൽ കാൽനടയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയുയർത്തി ഇ-ബൈക്ക് സംഘങ്ങളുടെ അഭ്യാസപ്രകടനം. ഫുട്പാത്തുകളിലും പാർക്കുകളിലും കാർ പാർക്കിങ് ഏരിയകളിലും സംഘം ചേർന്ന് അതിവേഗത്തിൽ അപകടകരമായ രീതിയിൽ ബൈക്കോടിക്കുന്ന കൗമാരക്കാർക്കെതിരെ പ്രതികരിക്കാൻ പോലും നാട്ടുകാർ ഭയപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.
ഇതിനിടെ, പ്രദേശത്ത് അപകടകരമായി ബൈക്കോടിച്ച പതിനാറുകാരനായ കൗമാരക്കാരനെ പിടികൂടാൻ ഹെലികോപ്റ്ററുകളും മഫ്തി പോലീസും അടങ്ങുന്ന വലിയൊരു സംഘത്തെയാണ് പോലീസ് രംഗത്തിറക്കിയത്. ലൈസൻസില്ലാതെയും രജിസ്ട്രേഷനും ഇൻഷുറൻസും ഇല്ലാത്തതുമായ മോട്ടോർബൈക്ക് ഓടിച്ചതിന് കൗമാരക്കാരനെതിരെ പോലീസ് കേസെടുത്തു. കൂടാതെ ഇയാളുടെ ബൈക്ക് 28 ദിവസത്തേക്ക് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, സൈക്കിളോടിച്ച ഒരു കൊച്ചു പയ്യനെ പിടികൂടാൻ ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള സന്നാഹങ്ങൾ ഇറക്കിയത് ‘ഇത്തിരി കൂടിപ്പോയി’ എന്നാണ് കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരു ചെറിയ വിഭാഗം മാത്രമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നും തിരികെ ലഭിച്ചാൽ ബൈക്ക് വിൽക്കുമെന്നും കുട്ടി വ്യക്തമാക്കി. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നവരുടെ ബൈക്കുകൾ പൂർണ്ണമായി തകർക്കുന്നതുൾപ്പെടെയുള്ള കർശനമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും, പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.

