റോമിലെ 200 പാവങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ ലിയോ പാപ്പ; കരുണയും ഐക്യവും വിളിച്ചോതുന്ന സ്നേ​ഹ വിരുന്ന് ശനിയാഴ്ച

റോം : എളിയവരുടെ കണ്ണീരൊപ്പാനും അവരോട് ചേർന്നുനിൽക്കാനും എപ്പോഴും മുൻപന്തിയിലുള്ള ലിയോ പതിനാലാമൻ മാർപാപ്പ ഇത്തവണയും സ്നേഹത്തിന്റെ പുതിയൊരു മാതൃക തീർക്കുന്നു. ജൂലൈ 11 ശനിയാഴ്ച കാസിൽ ഗാൻഡോൾഫോയിലെ ‘ബോർഗോ ലൗദാത്തോ സി’യിൽ വെച്ച് റോം രൂപതയിൽ നിന്നുള്ള ഇരുനൂറോളം പാവപ്പെട്ട സഹോദരങ്ങൾക്കൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിടും. ‘ലഞ്ച് വിത്ത് ദി പോപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി സ്നേഹത്തിന്റെയും പങ്കുവെപ്പിന്റെയും വലിയൊരു അനുഭവമായി മാറുകയാണ്.

സൃഷ്ടി പ്രപഞ്ചത്തിന്റെ സംരക്ഷണത്തിനായി പ്രത്യേക പ്രാർത്ഥനകളോടെയുള്ള വിശുദ്ധ കുർബാനയോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. തുടർന്ന് തങ്ങളുടെ പ്രിയപ്പെട്ട പാപ്പയെ നേരിൽ കണ്ട് സംസാരിക്കാനും കാസിൽ ഗാൻഡോൾഫോയുടെ പ്രകൃതിഭംഗി ആസ്വദിക്കാനും ഈ സഹോദരങ്ങൾക്ക് അവസരം ലഭിക്കും. ‘ബോർഗോ ലൗദാത്തോ സി’യിലൂടെയുള്ള ഗൈഡഡ് ടൂറിന് ശേഷമായിരിക്കും പരിശുദ്ധ പിതാവിനൊപ്പമുള്ള സംയുക്ത ഉച്ചഭക്ഷണം.

2025 ഓഗസ്റ്റിൽ അൽബാനോ രൂപതയിലെ പാവപ്പെട്ടവർക്കൊപ്പം പാപ്പ ഉച്ചഭക്ഷണം പങ്കിട്ടുകൊണ്ട് തുടക്കം കുറിച്ച ഈ പുണ്യപദ്ധതി ഇന്ന് ‘ലൗദാത്തോ സി സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ’ വർഷംതോറും നടത്തുന്ന വലിയൊരു കരുണയുടെ ഉത്സവമായി മാറിയിരിക്കുന്നു. അഭയാർഥികൾ, കുടിയേറ്റക്കാർ, മറ്റ് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിങ്ങനെ വിവിധ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവർക്കാണ് ഈ സ്നേഹവിരുന്നിൽ ക്ഷണം ലഭിക്കുന്നത്.

ലൗദാത്തോ സി സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ, വത്തിക്കാന്റെ കാരുണ്യപ്രവർത്തനങ്ങൾക്കായുള്ള ഡിക്കാസ്റ്ററി, റോം രൂപത എന്നിവർ സംയുക്തമായാണ് ഈ വർഷത്തെ പരിപാടി സംഘടിപ്പിക്കുന്നത്. റോമിലെ ദുർബലരായ ജനങ്ങളെ സഹായിക്കുന്ന നിരവധി കത്തോലിക്കാ സന്നദ്ധസംഘടനകൾ, ഇടവക സമൂഹങ്ങൾ, വോളന്റിയർ ഗ്രൂപ്പുകൾ എന്നിവ ഈ സംരംഭത്തിൽ പങ്കാളികളാകുന്നു.

പ്രാദേശിക ബിസിനസ് സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഒരുക്കുന്നത്. പ്രകൃതി സംരക്ഷണവും മനുഷ്യന്റെ സംരക്ഷണവും ഒരേ ദൗത്യമാണെന്ന് ലോകത്തിന് മുന്നിൽ തെളിവിളിച്ചോതുകയാണ് ഈ പരിപാടിയിലൂടെ എന്ന് ലൗദാത്തോ സി സെന്റർ ഡയറക്ടർ ജനറൽ കർദിനാൾ ഫാബിയോ ബാജിയോ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *